Saturday, December 28, 2024
Latest:
KeralaTop News

ADGP- RSS കൂടിക്കാഴ്ച; അജിത് കുമാറിനെ നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല; നേതൃയോഗം വിളിച്ച് CPI

Spread the love

നേതൃയോഗം വിളിച്ച് സിപിഐ. നാളെ ചേരുന്ന നേതൃയോഗത്തിൽ എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദം ചർച്ചയാകും. എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിപിഐ ഉറച്ച് നിൽക്കും. മുന്നണിയിൽ വിഷയം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിൽ സിപിഐക്ക് അതൃപ്തിയുണ്ട്.

എഡിജിപിക്കെതിരെ ഡിജിപി നടത്തുന്ന അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന ദിനം നാളെയാണ്. ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കമെന്ന് സിപിഐ വിമർശിച്ചു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നൽകിയിരുന്നു. ദത്താത്രേയ ഹൊസബളെ – എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആർ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചത്.

പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.എഡിജിപിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്.