KeralaTop News

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്ലീം സംഘടനകളും

Spread the love

മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ മാധ്യമത്തിനു നൽകിയ മലപ്പുറം വിരുദ്ധ പരാമർശനത്തിനെതിരെ പ്രതിഷേധം ശക്തം. മലപ്പുറത്ത് എത്തുന്ന സ്വർണ്ണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന പരാമർശമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തി. പ്രതിപക്ഷവും സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച പി.വി അൻവർ എം.എൽ.എയും ഇതേ പരാമർശം ആയുധമാക്കുകയാണ്.

മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മുസ്ലിം സംഘടനകൾ ആരോപിക്കുന്നു. ആർ.എസ്.എസുമായുള്ള ധാരണയുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പുതിയ പരാമർശം എന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ പോലും സിപിഐഎം നേതാക്കൾക്ക് കഴിയുന്നില്ല.

സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് മാത്രം 15O കിലോ കടത്തുസ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി,ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്.

വോട്ട് നേടാൻ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് മുസ്ലീം ലീഗ് കുറ്റപ്പെടുത്തി. കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.