KeralaTop News

ലുക്ക്ഔട്ട് നോട്ടീസുണ്ട്, പക്ഷേ സിദ്ദിഖിനെ കിട്ടാതെ വലഞ്ഞ് പൊലീസ്; മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ

Spread the love

കൊച്ചി: ബലാത്സംഗ കേസിൽ ചലച്ചിത്ര താരം സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. സിദ്ദിഖിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഇന്ന് ദില്ലിയിൽ എത്തും. തിങ്കളാഴ്ച്ച സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ കൂടി കാഴ്ച നടത്തും. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത്ത് കുമാറിനെ സുപ്രീം കോടതിയിൽ ഹാജരാക്കാൻ ആണ് സർക്കാർ തീരുമാനം. എന്നാൽ രഞ്ജിത് കുമാറിന് പുറമെ സീനിയർ വനിത അഭിഭാഷകരിൽ ആരെയെങ്കിലും കൂടി സുപ്രീം കോടതിയിൽ ഹാജരാക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്.

ഇതിനിടെ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് നാല് ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത് വന്നിരുന്നു. മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്.

ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക്‌ ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്പത് പ്രതി എത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങൾ പിന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണ്. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള അ ന്വേ ഷണത്തിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.