കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവും സ്പീക്കറും ചടങ്ങിൽ പങ്കെടുത്തു.
മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതിയിൽ നിയമിതനായത്. 2023 മെയ് മുതൽ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി. മഹാരാഷ്ട്രയിലെ സോലാപുരിൽ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജിൽ നിയമ പഠനം. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലായെങ്കിൽ ജസ്റ്റിസ് നിതിൻ ജാംദർ 2026 ജനുവരി ഒമ്പതിന് വിരമിക്കും.
കേരള, മദ്രാസ് ഹൈക്കോടതികൾക്ക് പുറമെ ആറ് ഹൈകോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹർജി അടുത്ത ആഴ്ച്ച സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം ഇറക്കിയത്.