മര്യാദയ്ക്ക് വണ്ടിയോടിക്കണം’; കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ ശാസന
കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ ശാസന. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ ആണെന്നാണ് വിമര്‍ശനം. തിരുവനന്തപുരം ആനയറയിലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ തന്നെ കോംപൗണ്ടില്‍ വച്ചു നടന്ന പൊതുപരിപാടിക്കിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
500ല്‍ താഴെ ബസ്സ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതല്‍ പേര്‍ മരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള മര്യാദ സ്വിഫ്റ്റിലെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പാലിക്കണം. കെഎസ്ആര്‍ടിസിയുടെ യജമാനന്‍ പൊതുജനമാണ്. സ്വിഫ്റ്റിലെ ജീവനക്കാര്‍ ആളുകളോട് മോശമായി പെരുമാറുന്നു
പിടിച്ചാല്‍, പരാതി വന്നാല്‍ അതി തീവ്രമായി നടപടി ഉണ്ടാകും -മന്ത്രി മുന്നറിയിപ്പ് നല്‍കി.
ബ്രെത്ത് അനലൈസര്‍ പരിശോധന തുടങ്ങിയതോടെ റോഡ് അപകടം കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. ഒരുമാസം ശരാശരി 40 മുതല്‍ 48 വരെ അപകടങ്ങള്‍ നടക്കുന്ന സാഹചര്യങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്രെത്ത് അനലൈസര്‍ പരിശോധന തുടങ്ങിയതോടെ അപകടങ്ങള്‍ കുറയ്ക്കാനായെന്നും ആഴ്ചയില്‍ ഒരു അപകടമരണം പോലും ഇല്ലാത്ത നല്ല ദിവസം ബ്രെത്ത് അനലൈസര്‍ പദ്ധതിക്ക് പിന്നാലെ ഉണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.