ഷിരൂർ ദൗത്യം; അർജ്ജുൻ്റെ ലോറിയിലെ തടികഷ്ണം ലഭിച്ചു, ടയർ കിട്ടിയ സ്ഥലത്ത് ഡൈവിംഗ് നടത്തും
ഗംഗാവലി പുഴയിൽ അർജുനടക്കം മൂന്ന്പേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചിലിൽ ലോറിയുടെ പിൻ ടയറുകൾ ലഭിച്ചെങ്കിലും അത് അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ മനാഫ് ട്വന്റി ഫോറിനോട് പ്രതികരിച്ചു.അർജ്ജുൻ്റെ ട്രക്കിലെ തടികഷ്ണവും ലഭിച്ചിട്ടുണ്ട്.
ടയറുകൾ കിട്ടിയ ഇടത്ത് വീണ്ടും ഡൈവിംഗ് നടത്താനാണ് നിലവിലെ തീരുമാനം. ഡ്രഡ്ജർ എത്തിച്ചാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നത്തെ ഷിരൂർ ദൗത്യത്തിൽ അർജുന്റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്. മറ്റു നിർദ്ദേശങ്ങൾ ഒന്നും അധികൃതർക്ക് മുന്നിൽ വെക്കാനില്ലെന്ന് അർജുന്റെ കുടുംബം വ്യക്തമാക്കി.
നേരത്തെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതേ പോയിന്റിൽ നടത്തിയ തെരച്ചിലിൽ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോൾ സഞ്ചിയും ലഭിച്ചിട്ടുണ്ട്. ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
അതേസമയം, ഇന്നലെ തിരച്ചിലിൽ കണ്ടെത്തിയ അസ്ഥി ഭാഗം മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. പൊലീസ് സർജനും, വെറ്റിനറി ഡോക്ടറും ലഭിച്ചത് മനുഷ്യന്റെ അസ്ഥി ഭാഗമല്ലെന്ന് പൊലീസിനെ അറിയിച്ചു. കണ്ടെത്തിയത് മൃഗത്തിന്റെ അസ്ഥി ഭാഗമെന്നാണ് നിഗമനം.
മാർക്ക് ചെയ്തു നൽകിയ ഭാഗങ്ങളിൽ റിട്ട.മേജർ ജനറൽ എം ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തും.മാർക്ക് ചെയ്ത സ്പോട്ടുകൾ എവിടെയൊക്കാണെന്ന് കൃത്യമായി പറഞ്ഞു കൊടുത്താവും മുന്നോട്ട് പോകുക.നിലവിൽ ഐ ബോർഡ് ഡ്രോൺ സംവിധാനത്തിന്റെ ആവശ്യമില്ലെന്നും CP 4 ലാണ് ട്രക്കിന്റെ സ്ട്രോങ്ങ് സിഗ്നലുകൾ ലഭിച്ചിട്ടുള്ളത്,നിലവിൽ ഡ്രഡ്ജിംഗ് നടക്കുന്നത് സിപി വണ്ണിൽ ആണ്. ദൗത്യസംഘങ്ങളുമായി വിശദമായി സംസാരിക്കുമെന്നും തിരച്ചിലിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും ഇന്ദ്രബാൽ വ്യക്തമാക്കി.