യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; ‘എല്ലാത്തിനും പിന്നിൽ മകളുടെ മുൻ ഭർത്താവ്’; ശ്രീക്കുട്ടിയുടെ മാതാവ്
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവിനെതിരെ മാതാവ് സുരഭി. എല്ലാത്തിനും പിന്നിൽ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവാണെന്ന് അവർ ആരോപിച്ചു. അജ്മൽ എന്ന ക്രിമിനലുമായി ചേർന്ന് മകളെ കുടുക്കിയതാണെന്ന് സുരഭി പറയുന്നു.
അഭീഷ് രാജുമായുള്ള വിവാഹം ഇതുവരെയും വേർപെടുത്തിയിട്ടില്ല. ശ്രീക്കുട്ടി ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും മാതാവ് പറയുന്നു. സംഭവദിവസം ജ്യൂസിൽ മദ്യം ചേർത്ത് നൽകിയത് ആയിരിക്കുമെന്നും സത്യം പോലീസ് കണ്ടുപിടിക്കട്ടെയെന്നും ശ്രീക്കുട്ടിയുടെ മാതാവ് സുരഭി ട്വന്റിഫോറിനോട് പറഞ്ഞു. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ടെന്നായിരുന്നു ശ്രീക്കുട്ടി പൊലീസിന് നൽകിയ മൊഴി. പ്രതികൾ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസ് ലഭിച്ചിരുന്നു.
ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് എതിരായ കേസ് സംബന്ധിച്ച റിപ്പോർട്ടും ആരോഗ്യ വകുപ്പിന് പോലീസ് ഉടൻ കൈമാറും. ശ്രീക്കുട്ടി ജോലി ചെയ്ത ആശുപത്രിയിലെ സ്ഥിരം സന്ദർശകനായിരുന്നു അജ്മലെന്നും പൊലീസ് വിവരം ലഭിച്ചു. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതിയായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും. ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.