അരൂർ – തുറവൂർ ദേശീയപാതയിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം
അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. അരൂർ അമ്പലം മുതൽ അരൂർ പള്ളിവരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നുമുതൽ ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. ഇന്ന് വൈകീട്ട് നാലുമണി മുതൽ പ്രാവർത്തികമാകും.
തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. പകരം അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിലൂടെ മാത്രമാണ് ഗതാഗതം അനുവദിക്കുക.
നിയന്ത്രണം ഇങ്ങനെ
എറണാകുളം ഭാഗത്തേക്ക് പോകുന്നവ – അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകണം.
എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവ – കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ വഴിയോ ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.
വലിയ വാഹനങ്ങൾ കടത്തിവിടില്ല.
അതേസമയം, അരൂര്‍- തുറവൂര്‍ ആകാശപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ശക്തമാണ്. വളരെയധികം സമയമെടുത്താണ് വാഹനങ്ങൾ കടത്തി വിടുന്നത് പോലും. മാത്രവുമല്ല അപകടങ്ങളും കൂടുതലാണ്. ഏതുനിമിഷവും അപകടം മുന്നിൽകണ്ടു വേണം ഇതിലൂടെ യാത്ര നടത്താൻ. കുഴിയിൽ വീണും ചെളിയിൽ തെന്നിവീണുമാണ് അപകടങ്ങളിൽ ഏറെയും
റോഡിന്റെ ഇരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ച് നിർമാണം നടക്കുന്നതിനാൽ റോഡിന് വീതി വളരെ കുറവാണ്. ഒപ്പം ഇരുവശവും ചെളിക്കെട്ടി കിടക്കുന്നത് കാൽ നടയാത്രക്കാരെയും അപകടത്തിലാക്കുന്നു രാത്രിയായാൽ വെളിച്ചം കുറഞ്ഞ റോഡിലൂടെ വേണം സാഹസിക യാത്ര. ഗതാഗത നിയന്ത്രണത്തിന് പൊലീസുകാർ ഉണ്ടെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ കഴിയുന്നില്ല.