NationalTop News

മണിപ്പൂരില്‍ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘര്‍ഷം’; അമിത് ഷാ

Spread the love

മണിപ്പൂര്‍ സംഘര്‍ഷം പരിഹരിക്കാന്‍ വംശീയ വിഭാഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരില്‍ നടക്കുന്നത് ഭീകരവാദം അല്ലെന്നും, വംശീയ സംഘര്‍ഷമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്‌തേയ് വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ റിപ്പോര്‍ട്ട് കാര്‍ഡ് ആഭ്യന്തര മന്ത്രി പുറത്തിറക്കി. മൂന്ന് ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വകയിരുത്തി. 49,000 കോടി രൂപ ചെലവില്‍ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. 50,600 കോടി രൂപ ചെലവില്‍ രാജ്യത്തെ പ്രധാന റോഡുകള്‍ വികസിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചതായി അമിത് ഷാ അറിയിച്ചു. മഹാരാഷ്ട്രയിലെ വാധ്‌വാനില്‍ ഒരു മെഗാ തുറമുഖം നിര്‍മിക്കുമെന്നും, ആഭ്യന്തരമന്ത്രി പറഞ്ഞു.

നുഴഞ്ഞുകയറ്റം തടയാന്‍, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, വേലികെട്ടാന്‍ തീരുമാനിച്ചുവെന്നും അമിത് ഷാ അറിയിച്ചു.