KeralaTop News

ശാരീരിക വൈകല്യമുള്ള പഞ്ചായത്ത് സെക്രട്ടറിയോട് ക്രൂരത; പ്രതികാര നടപടിയായി പടിക്കെട്ടുകൾ കയറ്റിച്ചു; പരാതിയിൽ നടപടിയെടുക്കാതെ സർക്കാർ

Spread the love

ശാരീരിക വൈകല്യമുള്ള സെക്രട്ടറിയെ പ്രതികാര നടപടിയുടെ ഭാഗമായി പടിക്കെട്ടുകൾ കയറ്റിച്ചെന്ന പരാതിയിൽ നടപടിയെടുക്കാതെ സർക്കാർ. ജോയിൻ്റ് ഡയറക്ടർക്കും കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലനെതിരെയാണ് സെക്രട്ടറി പണ്ടു സിന്ധുവിന്റെ പരാതി.

പോളിയോ ബാധിച്ച് അരക്ക് താഴെ തളർന്ന പണ്ടു സിന്ധുവിനെ പ്രതികാര നടപടിയുടെ ഭാഗമായി പടിക്കെട്ടുകൾ ഇഴഞ്ഞു കയറ്റിക്കുന്നുവെന്നാണ് പരാതി. ആറുമാസത്തിനിടെ 52 തവണ പടികൾ കയറ്റിച്ചു. ശാരീരിക പരിമിതിയുളള സിന്ധുവിനെ 6 മാസത്തിനിടെ അനാവശ്യ യോഗങ്ങൾ വിളിച്ചാണ് ഇഴയിച്ച് പടിക്കെട്ടുകൾ കയറ്റിച്ചത്. പഞ്ചായത്തിന്റെ അഴിമതി ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാര നടപടിയാണ് പ്രസിഡന്റ് ലളിതാ തിലകന്റേതെന്നാണ് സിന്ധുവിന്റെ പരാതി.

എന്നാൽ വിഷയത്തിൽ പരാതി ലഭിച്ചിട്ടും തദ്ദേശ വകുപ്പടക്കം മൗനം തുടരുകയാണ്. ഇതോടെ പ്രതിപക്ഷ സംഘടനകളും അംഗപരിമിതരുടെ സംഘടനകളും പ്രതിഷേധം ശക്തമാക്കി. സെക്രട്ടറിയുടെ പരാതിയിൽ അന്വേഷണം വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. എന്നാൽ സെക്രട്ടറിയുടെ ആരോപണങ്ങൾ നേരത്തെ തന്നെ പഞ്ചായത്ത് പ്രസിഡൻറ് ലളിതാ ബാലൻ തള്ളിയിരുന്നു.