ജമ്മു കശ്മീരിലെ തീവ്രവാദം പൂർണമായി ഉന്മൂലനം ചെയ്യും’; പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ജമ്മു കാശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആർട്ടിക്കിൾ 370 ചരിത്രമാണ്,അതൊരിക്കലും തിരിച്ചു വരില്ലെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക.
ജമ്മു കാശ്മീരിൽ ബിജെപി അധികാരത്തിലെത്തിയാൽ മാ സമ്മാൻ യോജന’ പ്രകാരം എല്ലാ കുടുംബത്തിലെയും മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18,000 രൂപ നൽകുമെന്ന് പ്രകടനപത്രികയിൽ സൂചിപ്പിക്കുന്നു. ഉജ്ജ്വല പദ്ധതി പ്രകാരം പ്രതിവർഷം രണ്ട് സൗജന്യ സിലിണ്ടറുകൾ നൽകും.പ്രഗതി ശിക്ഷാ യോജനയ്ക്ക് കീഴിൽ കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 3,000 രൂപ യാത്രാ അലവൻസായി നൽകും. ജമ്മു കശ്മീരിൽ തീവ്രവാദം പൂർണമായി ഉന്മൂലനം ചെയ്യുമെന്നും പത്രികയിൽ സൂചിപ്പിക്കുന്നുണ്ട്.
ലോക്സഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത അതികാരത്തിൽ തുടരുന്ന ബിജെപിക്ക് ജമ്മു കാശ്മീരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ജമ്മു -കശ്‌മീരിൽ 2018 ജൂൺവരെ പിഡിപിക്കൊപ്പം ബിജെപി ഭരണത്തിലായിരുന്നു. തുടർന്ന് കേന്ദ്രഭരണത്തിലൂടെ ബിജെപി തന്നെയാണ് ജമ്മു കശ്‌മീരിനെ നിയന്ത്രിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഹരിയാനയും ജമ്മു കശ്‌മീരുംകൂടി കൈവിടുന്ന സ്ഥിതിയുണ്ടായാൽ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി കൂടുതൽ ദുർബലമാകും.
അതേസമയം, കഴിഞ്ഞ ദിവസം കോൺഗ്രസ് താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, അംബിക സോണി, ഭരത് സിങ് സോളങ്കി, താരിഖ് അഹമ്മദ്, സുഖ് വീന്ദർ സിങ് സുഖു, ജയ്റാം രമേശ്, ഗുലാം അഹമ്മദ് മിർ തുടങ്ങിയവരും പട്ടികയിൽ ഉണ്ട്.
ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.