KeralaTop News

‘പൊലീസ് ജനസേവകരായി മാറി; അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ല’; മുഖ്യമന്ത്രി

Spread the love

പൊലീസ് ജനസേവകരായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉന്നതൻ ആണെങ്കിലും മുഖം നോക്കാതെ പോലീസ് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കാൻ കേരള പോലീസിന് ആരെയും പേടിക്കേണ്ടെന്നും ഒരുതരത്തിലുള്ള ഇടപെടലും പോലീസിൽ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരാൾ ചെയ്ത തെറ്റ് മുഴുവൻ കളങ്കമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാരെ കേരളത്തിലെ പോലീസ് സേനയിൽ ആവശ്യമില്ല. പുഴുക്കുത്തുകളെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 10 വർഷത്തിനിടെ 108 പേരാണ് പുറത്താക്കപ്പെട്ടത്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടി ഇനിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സത്യസന്ധതയോടെ പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥരാണ് ഏറെയും. അത്തരം ഉദ്യോഗസ്ഥർക്ക് കലവറയില്ലാത്ത പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വവും നീതിയുമാണ് ഉയർത്തിപ്പിടിക്കേണ്ടത്. സ്വതന്ത്രവും നീതിപൂർവ്വമായി പ്രവർത്തിക്കാൻ കഴിയണം. അതിന് പ്രാപ്തി ഉള്ളവരാണ് ഇപ്പോൾ കേരള പോലീസിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള പ്രവർത്തനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ സ്വീകരിക്കുന്ന നിലപാടിന് വ്യക്തയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മെറിറ്റ് പരിശോധിക്കുമെന്നും മുൻവിധി എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ ആരോപണങ്ങളുമായി ഭരണപക്ഷ എംഎൽഎയായ പിവി അൻവർ രം​ഗത്തെത്തിയിരുന്നു. പി.വി.അൻവർ ലക്ഷ്യം വെയ്ക്കുന്നത് പി.ശശിയെയും ക്രമസമാധാനം ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെയുമാണ്. അതീവ ഗൗരവത്തിലുള്ള ആരോപണങ്ങൾ ഉയർത്തിയത്.