29 വർഷമായി കേരള പൊലീസിൽ പ്രവർത്തിക്കുന്നു,സേനയിൽ ചെയ്ത കാര്യങ്ങൾ എടുത്ത് പറഞ്ഞ് എഡിജിപി എം ആർ അജിത് കുമാർ
പൊലീസ് സേനയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ വേദിയിൽ എടുത്തുപറഞ്ഞ് എഡിജിപി എം ആർ അജിത് കുമാർ. പൊലീസിന്റെ ജോലി എന്താണോ അത് ചെയ്യാറുണ്ട്. 29 വർഷമായി കേരള പൊലീസിൽ പ്രവർത്തിക്കുന്നു… സിവിൽ പൊലീസ് എന്ന പേര് കൊണ്ടുവന്നത് മുതൽ സേനയിലെ പല മാറ്റങ്ങൾക്കും താൻ കാരണക്കാരനായിട്ടുണ്ട് ഇനി അത് പറയാൻ അവസരം ഉണ്ടാകുമോ എന്ന് അറിയില്ലായെന്നും അജിത്കുമാർ കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ പരാമർശിച്ചു.
ജനങ്ങൾക്ക് പൊലീസിൽ വലിയ വിശ്വാസമുണ്ട്. ആ വിശ്വാസം നിലനിർത്താൻ ഞാനും നിങ്ങളും ഉത്തരവാദപ്പെട്ടവർ ആണ്. സർക്കാരിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കണം’, അജിത് കുമാർ കൂട്ടിച്ചേർത്തു.
പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുന്നതിനിടെ അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്തരക്കാരെ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
കേരള പൊലീസിന് വലിയ മാറ്റങ്ങളുണ്ടാക്കാനായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് നമ്മുടെ പൊലീസെത്തി. പൊലീസ് ജനസേവകരായി മാറിയെന്നും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത് ഒരു വിഭാഗം മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. സത്യസന്ധതയോടെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഏറെയും. അവർക്ക് മികച്ച പിന്തുണ നൽകും. സൽപ്പേര് കളയുന്നവരെ സർക്കാരിന് കൃത്യമായി അറിയാം. കേരളത്തിലെ പൊലീസ് സേനയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല. ഉയർന്നു വന്ന ആരോപണങ്ങളിൽ എല്ലാ ഗൗരവവും നില നിർത്തിക്കൊണ്ട് ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അച്ചടക്കത്തിന് നിരക്കാത്ത നടപടികൾ വച്ചുറപ്പിക്കില്ലെന്നും തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.