ഷിരൂർ ദൗത്യം; പുഴയിലെ ഒഴുക്ക് കുറഞ്ഞതിനാൽ തെരച്ചിൽ തുടരണം, ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെ കാണും
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ന് കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും. കോഴിക്കോട് എംപി എംകെ രാഘവൻ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരും കൂടെയുണ്ടാകും. ബെംഗളൂരുവിൽ ഇരുവരുടെയും വസതികളിൽ എത്തിയാണ് കാണുക. തെരച്ചിലിന് ഡ്രഡ്ജർ ഉൾപ്പെടെ എത്തിക്കാനുള്ള നിർദ്ദേശം നേരത്തെ മുന്നോട്ടു വച്ചിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചിലവ് വരും എന്നായിരുന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഈ തുക അനുവദിച്ച് നടപടികൾ വേഗത്തിൽ ആക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടും.
മഴയ്ക്ക് ശമനം ഉള്ളതിനാലും പുഴയിലെ ഒഴുക്ക് അല്പം കുറഞ്ഞതിനാലും തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം. നേരത്തെ കേരളത്തിൻ്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു. രണ്ടാംഘട്ട തെരച്ചിലിൽ വെള്ളത്തിനടിയിൽ നിന്ന് ലോറിയുടെ ചില ഭാഗങ്ങൾ കണ്ടെത്താനും സാധിച്ചു. അതിനാൽ തന്നെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ ഊർജ്ജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.