കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി തലസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ, ഇന്ന് പ്രത്യേക സിറ്റിങ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്ന് വയസ്സുകാരിയെ തിരികെ തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ പൊലീൽ നിന്നും കുട്ടിയെ സിഡിബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു. കുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തി കുട്ടിയെ വിശദമായി കേൾക്കും.
കുട്ടി വീടുവിട്ടിറങ്ങാൻ ഉണ്ടായ സാഹചര്യം,വീട്ടിൽ രക്ഷിതാക്കളിൽ നിന്നും നിരന്തരം മർദനവും വഴക്കും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി കേൾക്കും. കുട്ടിയിൽ നിന്ന് വിവരങ്ങള്‍ തേടിടശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടിയെ മർദ്ദിച്ചതായുള്ള പരാതി സിഡബ്ല്യുസിയുടെ മുൻപിലുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടർ നടപടികൾ.
ശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടണോ അതോ വീണ്ടും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കും. തുടർന്ന് കുട്ടിയുടെ വൈദ്യ പരിശോധനകൾക്ക് ശേഷം മജിസ്‌ട്രേറ്റിന് മുൻപിൽ കൊണ്ട് പോയി മൊഴി രേഖപ്പെടുത്തും. കുട്ടിയ്ക്ക് ആവശ്യമായ കൗൺസിലിങ് നൽകുമെന്നും തുടർ പഠനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡിഡബ്ല്യുസി പറഞ്ഞു.