യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബാലാസംഗം ചെയ്തു കോലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കേസ് ചൊവ്വാഴ്ച 10:30 ന് കേസ് പരിഗണിക്കും.
ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ ഡോക്ടർമാരുടെ മനുഷ്യചങ്ങല സംഘടിപ്പിക്കും. വിവിധ ആശുപത്രികളിലെ റസിഡന്റ് ഡോക്ടർമാർ കൊണാട്ട് പ്ലേസിൽ പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്യും.
അതേസമയം പ്രതിഷേധവുമായി ഫുട്‌ബോൾ ആരാധകർ രംഗത്തെത്തി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിന് മുന്നിൽ വൻ സംഘർഷമാണ് ഉണ്ടായത്. പ്രതിഷേധിച്ച ഫുട്‌ബോൾ താരങ്ങളെ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് നടക്കാനിരുന്ന ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൾ മത്സരത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് മത്സരത്തിന് അനുമതി നിഷേധിച്ചത്.
ഈ മാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.