NationalTop News

ബിഹാറില്‍‌ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 7 മരണം, 35 പേര്‍ക്ക് പരുക്ക്

Spread the love

ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍‌ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഏഴ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനായി ആശുപത്രിയില്‍ എത്തിച്ചതായി ജഹാനാബാദിലെ ടൗൺ ഇൻസ്‌പെക്ടർ ദിവാകർ കുമാർ വിശ്വകർമ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് സന്നദ്ധപ്രവർത്തകർ ലാത്തിച്ചാർജ് നടത്തിയതായി ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഭക്തൻ പറഞ്ഞു. പൊലീസിൻ്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. എല്ലാ വർഷവും ശ്രാവണ മാസത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. ഭരണസംവിധാനത്തിൻ്റെ അഭാവം മൂലമാണ് തിരക്കുണ്ടായതെന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവർ പറഞ്ഞു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഏർപ്പെട്ടിരുന്ന ചില എൻസിസി (നാഷണൽ കേഡറ്റ് കോർപ്‌സ്) വളൻ്റിയർമാർ ഭക്തർക്ക് നേരെ ‘ലാത്തി’ പ്രയോഗിച്ചു, ഇത് തിക്കിലും തിരക്കിലും കലാശിച്ചു,” മരിച്ച ഒരാളുടെ ബന്ധു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.