NationalTop News

അമിത് ഷാ കൊലക്കേസിൽ പ്രതിയെന്ന പരാമർശം, രാഹുലിനെതിരായ മാനനഷ്ടക്കേസ് ഇന്നും പരിഗണിക്കും

Spread the love

ദില്ലി : പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊലക്കേസിൽ പ്രതിയാണെന്ന പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് പരിഗണിക്കുന്നത്. കഴിഞ്ഞ മാസം കേസ് പരി​ഗണിച്ചപ്പോൾ രാഹുൽ ​ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ വാദം. ഇന്ന് പരാതിക്കാരുടെ വാദമാകും കോടതി കേൾക്കുക. 2018ല്‍ ചായ്ബാസയില്‍ നടത്തിയ പ്രസംഗത്തില്‍ അമിത്ഷാ കൊലയാളിയാണെന്ന പരാമര്‍ശം രാഹുല്‍ ഉന്നയിച്ചതിനെതിരെ ജാർഖണ്ട് അടക്കം പലഭാഗങ്ങളിൽ കേസ് നടക്കുന്നുണ്ട്.

ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമർശം അപകീർത്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ പരാതി നല്‍കിയത്. കേസില്‍ രാഹുലിന് സുൽത്താൻപൂർ കോടതി നേരത്തെ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിനിടെയുള്ള വാർത്തസമ്മേളനത്തില്‍ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസിലെ പ്രതിയെന്ന് രാഹുല്‍ വിശേഷിപ്പിച്ചത് അപകീർത്തികരമെന്നതായിരുന്ന വിജയ് മിശ്രയുടെ പരാതി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്തതെന്നാണ് വാദി ഭാഗം ചൂണ്ടിക്കാട്ടുന്നു