Sports

സമ്പാദ്യം 6 മെഡലുകള്‍; ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡ് മറികടക്കാനായില്ല

Spread the love

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് 6 മെഡല്‍. ഒരു വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഏഴു മെഡലുകള്‍ എന്ന ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡിനൊപ്പം എത്താനായില്ല. എന്നാല്‍ 2012 ലണ്ടനിലേ പ്രകടനം ആവര്‍ത്തിച്ച് പാരിസില്‍ നിന്ന് ടീം ഇന്ത്യ മടങ്ങുകയാണ്. ഒരു വെള്ളിയും അഞ്ചു വെങ്കലങ്ങളും ആണ് ഇന്ത്യന്‍ സമ്പാദ്യം.

നീരജ് ചോപ്രയിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തെറ്റിയില്ല. ടോക്കിയോക്ക് പിന്നാലെ പാരിസിലും ജാവലിന്‍ ത്രോയില്‍ നീരജ് മെഡല്‍ നേടി. എന്നാല്‍ കഴിഞ്ഞതവണത്തെ സ്വര്‍ണ്ണ നേട്ടം ഇത്തവണ വെള്ളിയിലൊതുങ്ങിയത് നിരാശയായി.

ഷൂട്ടിംഗ് റേഞ്ചില്‍ ആയിരുന്നു ഇന്ത്യയുടെ മിന്നും പ്രകടനം. ആകെ മൂന്ന് മെഡലുകള്‍ ഇന്ത്യയ്ക്ക് നേടാനായി. മനു ഭാക്കര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും സരബ് ജ്യോത് സിംഗിനൊപ്പം മിക്‌സഡ് വിഭാഗത്തിലും വെങ്കലം നേടി. സ്വപ്നില്‍ കുസാലെയിലൂടെയായിരുന്നു ഷൂട്ടിംഗ് റേഞ്ചിലെ മൂന്നാം മെഡല്‍. അമന്‍ സെഹ്‌റാവത്ത് ഗുസ്തിക്കാരുടെ മാനം കാത്തപ്പോള്‍ ഹോക്കി ടീം തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കല നേട്ടം ആവര്‍ത്തിച്ചു. മലയാളികള്‍ക്ക് അഭിമാനമായി പി ആര്‍ ശ്രീജേഷും ഹോക്കി ടീമിനൊപ്പം ഉണ്ടായിരുന്നു.

കയ്യെത്തും 6 മെഡലുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ബാഡ്മിന്റണല്‍ ലക്ഷ്യ സെന്നും, ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റളില്‍ മനു ഭാക്കറും, 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ അര്‍ജുന്‍ ബാബുതയും, ആര്‍ച്ചറിയില്‍ മിക്‌സഡ് ടീമും ഭാരോധ്വഹനത്തില്‍ മീരാഭായ് ചനുവും, ഷൂട്ടിംഗ് സ്‌കീറ്റില്‍ അനന്ദ് – മഹേശ്വരി സഖ്യവും നാലാം സ്ഥാനത്തായി. കഴിഞ്ഞ ഒളിമ്പിക്‌സുകളില്‍ എല്ലാം മെഡല്‍ കൊണ്ടുവന്ന ബാഡ്മിന്റണിലും ബോക്‌സിങ്ങിലും ഇത്തവണ ഒന്നും നേടാനാവാതെ പോയതും നിരാശയായി. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത നീക്കി വെള്ളി മെഡല്‍ അനുവദിച്ചാല്‍ ഇന്ത്യയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡിനൊപ്പം എത്താം.