വയനാട് ദുരിതാശ്വാസം, പണം വകമാറ്റിയെന്ന് പരാതി; യൂത്ത് കോൺഗ്രസിൽ പോര്
വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ പണം വകമാറ്റിയെന്ന് പരാതി. കോഴിക്കോട് ചേളന്നൂരിൽ യൂത്ത് കോൺഗ്രസിൽ പോര്. മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റിയെന്ന് പ്രസിഡണ്ട് ദിവാനന്ദ് പറഞ്ഞു. ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് പരാതിയെന്ന് ആരോപണവിധേയനായ അശ്വിൻ പറയുന്നു. വിവാദമായതോടെ പരാതി വ്യാജമെന്ന കുറിപ്പുമായി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തി.
വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ പണസമാഹരണം നടത്തി, വകമാറ്റി ചെലവിട്ടു എന്നതാണ് യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അമൽ ദിവാനന്ദ് പറയുന്നത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിൻ്റെ പേരിൽ പിരിവെടുത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അശ്വിൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനസ് എന്നിവർ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോൺഗ്രസിൻ്റെ പേരിൽ ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് ചലഞ്ച് കൾ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
എന്നാൽ യൂത്ത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പരാതിക്ക് പിന്നിലെന്നും ആരോപണം ശരിവെച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും’ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അശ്വിൻ എടവലത്ത് വ്യക്തമാക്കി. സംഭവം വിവാദമായതോടെ നിഷധകുറിപ്പ് ഇറക്കി പരാതിക്കാരൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരു നാട് തന്നെ ഒന്നിച്ചു നിൽക്കുമ്പോഴാണ് യൂത്ത് കോൺഗ്രസിനുള്ളിലെ ധനസമാഹരണ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീരഭാഗങ്ങൾ കിട്ടി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് കാലുകളാണ് കണ്ടെത്തിയിരിക്കുന്നത്. അതിനിടെ, പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങൾ കിട്ടിയത്. പുഴയോട് ചേർന്നുള്ള ഭാഗത്ത് രണ്ട് കാലുകളാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇവിടെ ഒഴുക്കുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ ഒഴുകി വന്നിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. അതേസമയം, ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതേയുള്ളൂ. കാലാവസ്ഥ അനുകൂലമായതിനാൽ എയർലിഫ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.