പാരിസിൽ നീരജിന് വെള്ളി; ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി പാക് താരം
പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്താന്റെ അര്‍ഷദ് നദീം സ്വര്‍ണം സ്വന്തമാക്കി. ഒളിമ്പിപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി.
ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി. ആദ്യ ശ്രമം തന്നെ ഫൗളായതോടെ നീരജിന്റെ താളംതെറ്റി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.
ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അര്‍ഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വര്‍ണവും സ്വന്തമാക്കി. 2008-ല്‍ ബെയ്ജിങ്ങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡ്സന്‍ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡാണ് അര്‍ഷാദ് നദീം മറികടന്നത്.