National

വിനേഷിൻ്റെ ഒളിംപിക് വെള്ളി മെഡൽ: നിയമപോരാട്ടത്തിൽ വാദിക്കാനെത്തുന്നത് ഹരീഷ് സാൽവേ

Spread the love

വിനേഷിൻ്റെയും നൂറ് കോടിയിലേറെ വരുന്ന ഇന്ത്യൻ ജനതയുടെയും ഒളിംപിക് മെഡൽ സ്വപ്നം ഇനി അഭിഭാഷകൻ ഹരീഷ് സാൽവേയുടെ ചുമലിൽ. കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് ഫോഗട്ടിന് വേണ്ടി രാജ്യത്തെ മുൻനിര അഭിഭാഷകനായ ഹരീഷ് സാൽവേയാണ് ഹാജരാകുന്നത്.

ചരിത്രത്തിൽ ആദ്യമായി ഒളിംപിക്സ് വനിതാ ഗുസ്തി മത്സരത്തിൽ ഒരു ഫൈനൽ മത്സരത്തിന് യോഗ്യത നേടിയ ആദ്യ താരമാണ് വിനേഷ് ഫോഗട്ട്. എന്നാൽ ഫൈനൽ മത്സരത്തിൻ്റെ അന്ന് 50 കിലോയിലും 100 ഗ്രാം ഭാരം അധികം ഉണ്ടായതിനാലാണ് അവരെ അയോഗ്യയാക്കിയത്. അതിന് മുൻപ് എല്ലാ മത്സരവും 50 കിലോ ഭാരത്തിനകത്ത് നിന്ന് പൊരുതി ജയിച്ച വിനേഷ് ഫോഗട്ട് താൻ വെള്ളി മെഡലിന് അർഹയാണെന്ന വാദമാണ് ഉന്നയിക്കുന്നത്. എന്നാൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്ന കാരണം പറഞ്ഞ് വിനേഷിനെ ആകെയുണ്ടായിരുന്ന മത്സരാർത്ഥികളിൽ ഏറ്റവും അവസാനത്തെ സ്ഥാനമാണ് ഒളിംപിക്സ് വേദിയിൽ നൽകിയത്.

ഹൃദയഭേദകമായ ഈ വാർത്തയ്ക്ക് പിന്നാലെ തൻ്റെ ഗുസ്തി കരിയർ വിനേഷ് അവസാനിപ്പിച്ചു. പിന്നാലെയാണ് അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ താരം സമീപിച്ചത്. തനിക്ക് ഒളിംപിക് വെള്ളി മെഡലിന് അർഹതയുണ്ടെന്നും അത് നൽകണമെന്നുമാണ് താരത്തിൻ്റെ ആവശ്യം. ഇതിലാണ് താരത്തിന് വേണ്ടി ഹരീഷ് സാൽവേ വാദിക്കാൻ എത്തുന്നത്.

മഹാരാഷ്ട്ര സ്വദേശിയാണ് ഹരീഷ് സാൽവേ. നാഗ്പൂർ സർവകലാശാലയിൽ നിന്നായിരുന്നു നിയമ ബിരുദം നേടിയ ശേഷം അഭിഭാഷകനായി. ദില്ലി ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 1992 ൽ ഇവിടെ സീനിയർ അഭിഭാഷകനായി. 1999 ലാണ് അദ്ദേഹത്തെ സോളിസിറ്റർ ജനറലായി കേന്ദ്രസർക്കാർ നിയമിച്ചത്. 2015 ൽ രാജ്യം പദ്‌മഭൂഷൺ നൽകി അദ്ദേഹ്തെ ആദരിച്ചു. ഇംഗ്ലണ്ടിലെ വെയ്ൽസിലെ രാജ്ഞിയുടെ അഭിഭാഷകനായി കഴിഞ്ഞ വർഷം ജനുവരിയിൽ അദ്ദേഹത്തിന് ചുമതല കിട്ടി. ടാറ്റ ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും അടക്കം രാജ്യത്തെ പ്രമുഖ കമ്പനികൾക്ക് വേണ്ടി കേസുകൾ കൈകാര്യം ചെയ്യുന്നതും ഹരീഷ് സാൽവേയാണ്.

2016 ൽ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് ഇറാൻ അതിർത്തിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുൽഭൂഷൺ യാദവിന് പാക്കിസ്ഥാനിൽ വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ 2017 ൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചപ്പോൾ കേസ് വാദിക്കാനെത്തിയത് ഹരീഷ് സാൽവേ ആയിരുന്നു. അന്ന് ഫീസായി ഒരു രൂപയായിരുന്നു അദ്ദേഹം കൈപ്പറ്റിയത്.

അയോധ്യ കേസിൽ ഹിന്ദുക്കൾക്ക് വേണ്ടി വാദിച്ച അഭിഭാഷകരുടെ കൂട്ടത്തിലും സാൽവേ ഉണ്ടായിരുന്നു. 2016 ൽ രാജ്യം ഉറ്റുനോക്കിയ ബിസിനസ് തർക്കത്തിലും ഒരു വശത്ത് വാദിക്കാൻ സാൽവേ ത്തി. സൈറസ് മിസ്ത്രി vs ടാറ്റ സൺസ് കേസിലാണ് ടാറ്റ ഗ്രൂപ്പിന് വേണ്ടി അദ്ദേഹം ഹാജരായത്.