Sports

അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിൽ പ്രതിഷേധം അറിയിച്ചു, വിനേഷിന് സർക്കാർ എല്ലാ സൗകര്യങ്ങളും നൽകിയിരുന്നു’; കേന്ദ്ര കായിക മന്ത്രി

Spread the love

പാരീസ് ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) പ്രതിഷേധം അറിയിച്ചതായി കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയിൽ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. 100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. സംഭവത്തിന് പിന്നാലെ പിടി ഉഷയോട് പ്രധാനമന്ത്രി സംസാരിച്ചു. ഉചിതമായ നടപടി എടുക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ, യുണൈറ്റഡ് വേൾഡ് റെസ്ലിങിനൊപ്പം ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്സഭയില്‍ വിശദീകരിച്ചു.

വിനേശ് ഫോഗാട്ടിന് കേന്ദ്രസർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം പരിശീലനത്തിന് അയച്ചിരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. തുടർന്ന് വിനേഷ് ഫോഗട്ടിന് നല്‍കിയ സഹായങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രി വിവരിച്ചു. എന്നും വിനേഷ് ഇന്ത്യയുടെ അഭിമാന താരമാണെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു.

ഇതിനിടെ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. നല്‍കിയ സൗകര്യത്തിന്‍റെ കണക്ക് നിരത്തേണ്ടത് ഇന്നല്ലെന്നും ഇന്ന് വിനേഷിന് പിന്തുണ അറിയിക്കേണ്ട ദിവസമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എന്തുതന്നെയായാലും വിനേഷ് ഫോഗട്ട് ഇന്ത്യയുടെ ധൈര്യശാലിയായ സുവർണ പുത്രിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.എന്തുകൊണ്ടാണ് വിനേഷിന് അയോഗ്യയാക്കിയതെന്നതില്‍ വിശദീകരണമില്ലെന്നും കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം തൃപ്തികരമല്ലെന്നും വ്യക്തമാക്കി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.