National

‘ഷിരൂർ രക്ഷാദൗത്യം നിർത്തി വെക്കാനാകില്ല’: തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി

Spread the love

കർണാടക ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. റെഡ് അലർട്ട് കാരണം ദൗത്യം 5 ദിവസം നിർത്തി വച്ചതാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കർണാടക സർക്കാരിനോടെ ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ തൽസ്ഥിതി ഉൾപ്പെടെ വിശദീകരിച്ചുകൊണ്ട് കർണാടക സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അർജുനായുള്ള തിരച്ചിൽ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം പുനഃരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ദൗത്യം അവസാനിപ്പിച്ചതിന് ആറു ദിവസത്തിന് ശേഷം ദൗത്യം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. ഇതിനിടെയാണ് കർണാടക ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.