National

മന്ത്രാലയങ്ങൾ സംബന്ധിച്ച വാർത്തകൾ വ്യാജമാണോയെന്ന് കേന്ദ്രസർക്കാരിന് മാത്രമേ പറയാനാവൂ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്

Spread the love

കേന്ദ്ര സർക്കാരിന് മാത്രമേ മന്ത്രാലയങ്ങൾ സംബന്ധിച്ച വാർത്തകൾ വ്യാജമാണോയെന്ന് പറയാൻ സാധിക്കൂവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗത്തിൻ്റെ രൂപീകരണം സംബന്ധിച്ച വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പിഐബി വിഭാഗത്തിൻ്റെ ഫാക്ട് ചെക് സംവിധാനം നടപ്പായാൽ ഏത് വിവരവും വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് പിഐബിക്ക് സ്വതന്ത്ര അധികാരം കൈവരുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കലാവുമെന്നും പ്രതിപക്ഷ പാർട്ടികൾ ആശങ്കപ്പെടുന്നുണ്ട്.

കേന്ദ്ര സർക്കാർ സംബന്ധിച്ച വാർത്തകൾ ശരിയാണോ തെറ്റാണോയെന്ന് കേന്ദ്രസർക്കാരിന് മാത്രമേ പറയാൻ സാധിക്കൂ. സുപ്രീം കോടതി പിഐബിയുടെ വ്യാജവാർത്താ വിഭാഗത്തിൻ്റെ രൂപീകരണം സംബന്ധിച്ച വിജ്ഞാപനം സ്റ്റേ ചെയ്തിരിക്കുയാണ്. എന്നാൽ ഈ വിഷയം തർക്ക വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന പോസ്റ്റുകൾ സംബന്ധിച്ച് പിഐബി നേരിട്ട് വ്യാജവാർത്താ സംവിധാനം തുറക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിർക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇതിനെ പ്രതിരോധിച്ച് രംഗത്ത് വരുന്നത്.

ഏതെങ്കിലും ഉപയോക്താവിൻ്റെ പോസ്റ്റ് പിഐബി ഫാക്ട് ചെക് വിഭാഗം വ്യാജമാണെന്ന് രേഖപ്പെടുത്തിയാൽ പിന്നാലെ നിയമനടപടികളും ഉണ്ടാകും. കേന്ദ്രസർക്കാർ വ്യാജമെന്ന് പറയുന്ന എല്ലാ ആരോപണങ്ങൾ സംബന്ധിച്ചും ഈ നിലയിൽ വ്യാജവാർത്തയെന്ന ആരോപണം ഉയർന്നാൽ, ഇത്തരം വാദങ്ങൾ പങ്കുവെക്കുന്ന ആർക്കെതിരെയും നിയമനടപടിക്കുള്ള സാഹചര്യം കൂടിയാണ് തുറക്കുന്നത്. ഇതിനെതിരെ ബോംബെ ഹൈക്കോടതിയിലാണ് ആദ്യം പരാതി എത്തിയത്. പിന്നാലെ പിഐബി ഫാക്ട് ചെക് വിഭാഗത്തിൻ്റെ പ്രവർത്തനം സംബന്ധിച്ച വിജ്ഞാപനം ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ പിന്നീട് ഈ സ്റ്റേ കാലാവധി നീട്ടാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ പരാതി സുപ്രീം കോടതിയുടെ മുന്നിലെത്തി. എന്നാൽ സുപ്രീം കോടതി വിജ്ഞാപനം സ്റ്റേ ചെയ്ത് ഉത്തരവിടുകയായിരുന്നു.