World

മദ്യപിച്ച് കാർ ഓടിച്ച 64കാരൻന്റെ വാഹനം ഇടിച്ച് കയറിയത് 125 കിലോമീറ്റർ വേഗതയിൽ, കൊല്ലപ്പെട്ടത് നാല് പേർ

Spread the love

ന്യൂയോർക്ക്: മദ്യപിച്ച് ഫിറ്റായതിന് പിന്നാലെ അമിത വേഗതയിൽ 64കാരൻ കാർ ഇടിച്ച് കൊലപ്പെടുത്തിയത് 4 പേരെ. അമേരിക്കയിലെ ലോംഗ് ഐലൻഡിലെ സലൂണിലേക്ക് ഇയാൾ ഓടിച്ച കാർ എത്തിയത് 125 കിലോമീറ്റർ വേഗതയിലാണ്. 9 പേർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. എന്നാൽ സംഭവത്തിൽ കുറ്റം ചെയ്തിട്ടില്ലെന്നാണ് 64കാരന്റെ വാദം. വ്യാഴാഴ്ചയാണ് 64കാരനായ സ്റ്റീവൻ ഷെവാലിയുടെ കേസ് കോടതിയിലെത്തിയത്. ജൂൺ 28നായിരുന്നു അപകടമുണ്ടായത്. ഇത് ആദ്യമായല്ല മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് 64കാരൻ കോടതി കയറുന്നത്.

പൊലീസ് ഉദ്യോഗസ്ഥൻ അടക്കം നാല് പേരുടെ ജീവനാണ് 64കാരന്റെ അശ്രദ്ധയിൽ പൊലിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ 64കാരൻ ആശുപത്രി വിട്ട ശേഷമാണ് ഇയാളെ പൊലീസ് കോടതിയിലെത്തിച്ചത്. ഇയാൾക്ക് ജാമ്യം പോലും അനുവദിക്കാതെയാണ് കോടതി ജയിലിൽ അടച്ചിരിക്കുന്നത്. അപകടത്തിന് മുൻപ് ലോംഗ് ഐലൻഡിൽ സ്ഥിരമായി സന്ദർശിക്കുന്ന ബാറിൽ നിന്ന് മദ്യപിച്ച ശേഷമാണ് ഇയാൾ കാർ ഓടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നേരത്തെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ഇയാൾ വിരമിച്ചതിന് ശേഷം ഈ ബാറിൽ പതിവായി എത്താറുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഷെവർലെ കാറിലാണ് ഇയാൾ സഞ്ചരിച്ചത്. ഇയാളുടെ കാറിനടിയിൽ നിന്നാണ് അപകടത്തിൽ മരിച്ച നാല് പേരുടെ മൃതദേഹം കണ്ടെത്തിയത്. അനുവദനീയമായതിനേക്കാൾ രണ്ടിരട്ടിയിലേറെയാണ് ഇയാളുടെ രക്തത്തിലെ ആൽക്കഹോൾ സാന്നിധ്യമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.