Gulf

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനം: ഇസ്മയേൽ ഹനിയയുടെ വധത്തെ ശക്തമായി അപലപിച്ച് ഖത്തർ

Spread the love

ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ.ഇസ്മയേൽ ഹനിയയെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ വച്ച് കൊലപ്പെടുത്തിയതിനെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും ഖത്തർ പ്രസ്താവനയിൽ വ്യക്തമാക്കി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

സിവിലിയന്മാരെ കൊലപ്പെടുത്തുന്നതും, അവരെ ലക്ഷ്യമാക്കുന്നതും മേഖലയെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും സമാധാനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. അക്രമങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കും എതിരെ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇസ്മയേൽ ഹനിയയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ അനുയായികൾക്കും പലസ്തീൻ ഭരണകൂടത്തിനും ജനങ്ങളോടും ഖത്തർ ഭരണകൂടത്തിന്റേയും നേതൃത്വത്തിന്റേയും ജനങ്ങളുടെയും അനുശോചനം മന്ത്രാലയം അറിയിച്ചു.

ഇറാനിലെ അദ്ദേഹത്തിന്റെ താമസസ്ഥലമായ തെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് ഹനിയയും അംഗരക്ഷകനും കൊല്ലപ്പെട്ടത്. വെടിയേറ്റതാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.