ഹമാസ് തലവന്‍ ഇസ്മയേല്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയാണ് ഇസ്മയില്‍ ഹനിയ. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണ് ഹമാസ് നേചാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹനിയയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
ആക്രമണം നടത്തിയത് ആരാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഹനിയ ഇറാനിലെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറാന്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു.
1962ല്‍ ഗസ്സയിലെ അല്‍ഷാതി അഭയാര്‍ത്ഥി ക്യാമ്പിലാണ് ഹനിയയുടെ ജനനം. ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം 1987ല്‍ അധിനിവേശത്തിനെതിരായ പലസ്തീനികളുടെ ആദ്യ ഇന്‍തിഫാദയില്‍ അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് നിരവധി തവണ അദ്ദേഹം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ സഹസ്ഥാപകനായ ഷെയ്ഖ് അഹമ്മദ് യാസിന്റെ അടുത്ത അനുയായിയായാണ് ഹമാസില്‍ ഹനിയ വളര്‍ച്ച നേടുന്നത്. 2017 മെയ് 6 നാണ് ഖാലിദ് മഷാലിനെ മാറ്റി ഹമാസിന്റെ പൊളിറ്റ് ബ്യൂറോ ചീഫായി ഇസ്മയില്‍ ഹനിയ നിയമിതനാകുന്നത്.