Wayanad

വയനാട് ഉരുൾപൊട്ടൽ മരണം 76 ആയി; ചാലിയാറിലേക്ക് ഒഴുകിയെത്തി മൃതദേഹങ്ങൾ; വിവിധയിടങ്ങളിൽ‌ മഴക്കെടുതി

Spread the love

പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഒരു കുന്ന് ഒലിച്ചെത്തിയത്. വയനാട് മുണ്ടക്കൈ പ്രഭവകേന്ദ്രമായ ഉരുൾപൊട്ടൽ ചൂരൽമലയെയും ​ഗുരുതരമായി ബാധിച്ചു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ് പുല​ർച്ചെ നാല് മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 76 ആയിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് രക്ഷാപ്രവർത്തനത്തെും കാര്യമായി ബാധിച്ചിരിക്കുകയാണ്.

മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. പുഴ ​ഗതിമാറിയ ഒഴുകിയെന്നാണ് വിവരം എങ്കിലും ഒരു പുതിയ പുഴ രൂപപ്പെട്ട രീതിയിലാണ് രണ്ട് ​മുണ്ടക്കൈയിലൂടെ കടന്നുപോകുന്നത്. ഇതോടെ മൃ‍തദേഹങ്ങൾ ചാലിയാറിലേക്കും ഒഴുകിയെത്തി. 13 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് കണ്ടെടുത്തത്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനായി സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെം​ഗളൂരുവിൽ നിന്നാണ് എത്തുക.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയും രൂക്ഷമാണ്. ഇടുക്കി ഇടമലക്കുടിയിലേക്കുള്ള വഴി തകർന്നു. പെട്ടിമുടിയിൽ നിന്ന് ഇടമലക്കുടിയിലേക്ക് പോകുന്ന വഴിയിലുള്ള ബസാറിനു മുൻപുള്ള പാലമാണ് തകർന്നത്. കനത്ത മഴയെ തുടർന്ന് തൃശ്ശൂരിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വടക്കാഞ്ചേരി വള്ളത്തോൾ സെക്ഷനിലെ വെള്ളക്കെട്ട് കാരണം നിരവധി ട്രെയിനുകൾ‌ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്. പാലക്കാട്,ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിലായി നൂറിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും അടച്ചിരുന്നു

പാലക്കാട് പട്ടാമ്പി പാലം പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ അടച്ചു. അപകട സാധ്യതയെ തുടർന്നാണ് നടപടി. വടക്കാഞ്ചേരി സെൻട്രൽ ബൈ പാസ് റോഡിൽ കുന്നിടിഞ്ഞു. റോഡിലേക്ക് മണ്ണ് വീണതിനാൽ ഗതാഗതം വഴിതിരിച്ചുവിടുന്നു. കുന്നിനോട് ചേർന്ന വീട് ഏത് സമയത്തും നിലം പതിക്കുമെന്ന അവസ്ഥയിലാണ്. കോഴിക്കോട് കാരാട് തിരുത്തിയാട് ശക്തമായ മഴയിൽ വീടുകളിലും കടകളിലും വെള്ളം കയറി. കടകളെല്ലാം ഒഴിഞ്ഞു.

കോതമംഗലം- തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറി. കോളനിയിലെ 33 – ഓളം കുടുംബങ്ങളെ. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് കോട്ടയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർന്ത്രണമേർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനം വിലക്കിയത്. ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാർ ഗ്യാപ്പ് റോഡിൽ യാത്ര നിരോധിച്ചിട്ടുണ്ട്.

ആലത്തൂരിൽ ഉരുൾപൊട്ടൽ ഉണ്ടായി. ആലത്തൂർ വീഴുമലയിലും ഉരുൾപൊട്ടി. മലയുടെ അടിവാരമായ കാട്ടുശ്ശേരി ഭാഗത്തേക്കാണ് മണ്ണും കല്ലും കുത്തിയൊലിച്ച് ഇറങ്ങിയിരിക്കുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മാവൂർ ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളിലായി നൂറിലേറെ വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളം കയറിയതിനെ തുടർന്ന് വിവിധ ഇടങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. നിരവധി നദികൾ നിറഞ്ഞു കവിയുകയും ചെയ്തിട്ടുണ്ട്. വടക്കൻ കേരളത്തിൽ അടുത്ത് രണ്ടു ദിവസവും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.