കാരണം പറയാതെ അമേരിക്ക നാടുകടത്തിയത് 48 ഇന്ത്യൻ വിദ്യാർത്ഥികളെ, മൂന്ന് വർഷത്തെ കണക്ക്
ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ 48 വിദ്യാർത്ഥികളെ കാരണം വ്യക്തമാക്കാതെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ലോക്സഭയിൽ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെലുഗു ദേശം പാർട്ടി എംപി ബി.കെ പാർത്ഥസാരഥിയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങാണ് പാർലമെൻ്റിൽ കണക്ക് വെച്ചത്.
വിദ്യാർത്ഥികളെ തിരിച്ചയക്കുന്നതിൻ്റെ കാരണം സാധാരണ അമേരിക്ക വെളിപ്പെടുത്താറില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറയുന്നത്. അനധികൃത തൊഴിൽ, അനധികൃതമായി ക്ലാസുകളിൽ ഹാജരാകാതിരുന്നത്, ക്ലാസിൽ നിന്നോ കോളേജിൽ നിന്നോ പുറത്താക്കിയത്, ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് തൊഴിലിന് ഹാജരാകാതിരുന്നത് തുടങ്ങി പല കാരണങ്ങൾ കൊണ്ടുമാകാം അമേരിക്കൻ അധികൃതർ വിദ്യാർത്ഥികളെ തിരിച്ചയച്ചതെന്നാണ് വാദം.
അമേരിക്കയിലടക്കം അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാരുടെ വിവരങ്ങളോ, അവരുടെ എണ്ണമോ കേന്ദ്രസർക്കാരിൻ്റെ പക്കലുണ്ടോയെന്ന എം.പിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. അമേരിക്കയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പരസ്പരം യോജിപ്പിച്ച് നിർത്താൻ പരമാവധി കേന്ദ്രസർക്കാർ ശ്രമിക്കാറുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലും വിദേശത്തേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാരുടെ വിവരങ്ങളില്ല. അതേസമയം അനധികൃത മനുഷ്യക്കടത്ത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.