Kerala

മഴ അവധി: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Spread the love

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല. പി.എസ്‌.സി പരീക്ഷയ്ക്കും മാറ്റം ഉണ്ടായിരിക്കില്ല. അതേസമയം ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടർ ചൊവ്വാഴ്ച രാവിലെ എട്ടിന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിർഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ഘട്ടം ഘട്ടമായി സെക്കൻഡിൽ 35 ക്യൂബിക് മീറ്റർ വരെ വെള്ളമാണ് സ്പിൽ വേ ഷട്ടർ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററിൽ എത്തുന്നതോടെയാണ് അധികജലം ഷട്ടർ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അടിന്തര സാഹചര്യങ്ങളിൽ മുൻകരുതലുകളെടുക്കാൻ അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.