‘തിരച്ചിൽ തുടരണം; പെട്ടെന്ന് തിരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല’; അർജുന്റെ കുടുംബം
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നിർത്തരുതെന്ന് കുടുബം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പെട്ടെന്ന് തിരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് അർജുന്റെ സഹോദരി പറഞ്ഞു.
അർജുനെ പോലെ മറ്റു രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. ലോറി കണ്ടെത്തിയതായി അറിയിച്ചിരുന്നെന്നും എന്നാൽ പിന്നീട് അതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ലെന്ന് അർജുന്റെ സഹോദരി പറഞ്ഞു. കേരള കർണാടക സർക്കാരുകൾ സഹായിച്ചിട്ടുണ്ട് .ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്ന് കുടുംബം വ്യക്തമാക്കി.
അർജുനായുള്ള തിരച്ചിൽ 13 നാളുകൾ പിന്നിടുമ്പോഴാണ് താത്കാലികമായി ദൗത്യം അവസാനിപ്പിക്കാൻ അദികൃതർ തീരുമാനമെടുത്തിരിക്കുന്നത്. ഷിരൂരിൽ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ തിരച്ചിൽ തുടരുമെന്നാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞത്. ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറയണമെന്നും ജലനിരപ്പ് താഴുന്നത് വരെ കാത്തിരിക്കണമെന്നും എംഎൽഎ പറഞ്ഞു. യന്ത്രങ്ങൾ എത്തിയാൽ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ്ങ് മെഷീൻ കൊണ്ട് വരുമെന്നും ടെക്നീഷൻ എത്തി ആദ്യം പരിശോധിക്കണമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.