National

‘അർജുനെ കണ്ടെത്താനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു: ​സാഹചര്യങ്ങൾ അനകൂലമാകുമ്പോൾ തിരച്ചിൽ തുടരും’: സതീഷ് കൃഷ്ണ സെയിൽ

Spread the love

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചെന്ന് കാർവാർ എംഎൽഡ സതീഷ് കൃഷ്ണ സെയിൽ. ഷിരൂരിൽ സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ തിരച്ചിൽ തുടരുമെന്ന് സതീഷ്‌കൃഷ്ണ സെയിൽ പറഞ്ഞു. ഗംഗാവലി നദിയിലെ അടിയൊഴുക്ക് കുറയണമെന്നും ജലനിരപ്പ് താഴുന്നത് വരെ കാത്തിരിക്കണമെന്നും എംഎൽഎ പറഞ്ഞു.

തുടർനടപടികൾ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തുവെന്ന് സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. ചെളിയും, മണ്ണും, പാറയും മാത്രമാണ് ഇപ്പോൾ കാണുന്നത്. യന്ത്രങ്ങൾ എത്തിയാൽ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ നിന്ന് ഡ്രഡ്ജിങ്ങ് മെഷീൻ കൊണ്ട് വരുമെന്നും ടെക്നീഷൻ എത്തി ആദ്യം പരിശോധിക്കണമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

അതേസമയം അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടു. തിരച്ചിൽ തുടരണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി എം വിജിൻ പറഞ്ഞു. കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് രക്ഷാദൗത്യം നടത്തണം. കഴിഞ്ഞദിവസം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് എം വിജിൻ പറഞ്ഞു. അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചിരുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.