National

കർണാടക ‘രാമനഗര ജില്ല’ ഇനി ബെംഗളൂരു സൗത്ത് എന്നറിയപ്പെടും; മന്ത്രിസഭായോഗം അംഗീകാരം നല്‍കി

Spread the love

കർണാടക ‘രാമനഗര ജില്ല’ ഇനി ബെംഗളൂരു സൗത്ത് എന്നറിയപ്പെടും മന്ത്രിസഭായോഗം പേര് മാറ്റത്തിന് അംഗീകാരം നല്‍കി. രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു.

രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കി മാറ്റാനാണ് നീക്കം. പാര്‍ലമെന്ററികാര്യമന്ത്രി എച്ച്.കെ പാട്ടീലാണ് ഇക്കാര്യം മാധ്യമങ്ങളെ മാധ്യമങ്ങളെ അറിയിച്ചത്. ബെംഗളൂരു സൗത്ത് എന്നായിരിക്കും പുതിയ ജില്ലയുടെ പേര്.

രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകള്‍ ചേര്‍ന്നതാണ് രാമനഗര ജില്ല. രാമനഗരയാണ് ജില്ലാ ആസ്ഥാനം. നഗരത്തില്‍നിന്ന് വിട്ടാണ് ഈ താലൂക്കുകള്‍. ഇവയ്ക്ക് ബെംഗളൂരു സൗത്ത് എന്നുപേരുവരുന്നതോടെ ബെംഗളൂരുവിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങള്‍ ഇവിടേക്കും ലഭിക്കും.

ഞങ്ങളുടെ വ്യക്തിത്വത്തെ വീണ്ടെടുക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരു വികസനത്തിന്റെ ചുമതലയുളള മന്ത്രികൂടിയാണ് ഡി.കെ. ശിവകുമാര്‍. ജെ.ഡി.എസിന്റെ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രാമനഗര ജില്ല രൂപവത്കരിച്ചത്.

നേരത്തേ ദൊഡ്ഡബല്ലാപുര, നെലമംഗല, യെലഹങ്ക, ദേവനഹള്ളി, അനെകല്‍, ബെംഗളൂരു സൗത്ത്, ബെംഗളൂരു ഈസ്റ്റ്, ഹൊസകോട്ടെ, രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ താലൂക്കുകള്‍ചേര്‍ന്നാണ് ആദ്യം ബെംഗളൂരു ജില്ല രൂപംകൊണ്ടതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.