World

അര നൂറ്റാണ്ട് മുമ്പ് മുങ്ങിയ കപ്പല്‍ വീണ്ടെടുത്ത് ഓസ്‌ട്രേലിയ; അപകടം നടന്നത് 1969-ല്‍

Spread the love

21 പേരുടെ മരണത്തിനിടയാക്കിയ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സമുദ്ര തിരച്ചിലിന് ഇടയാക്കി കടലിന്റെ ആഴങ്ങളിലമര്‍ന്ന കപ്പല്‍ 55 വര്‍ഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ന്യൂ സൗത്ത് വെയ്ല്‍സ് തീരത്ത് നിന്ന് ഇരുക്ക് കയറ്റി യാത്ര തുടരുന്നതിനിടെ മുങ്ങിയ ‘എം.വി. നൂംഗ’ എന്ന ജലയാനത്തിന്റെ അവശിഷ്ടങ്ങളാണ് ഏറെ നാള്‍ നീണ്ടുനിന്ന പര്യവേഷണങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 71 മീറ്റര്‍ (233 അടി) നീളമുള്ള ചരക്കുകപ്പല്‍ ന്യൂ സൗത്ത് വെയില്‍സ് തീരത്ത് നിന്ന് ഉരുക്ക് കയറ്റിക്കൊണ്ടുപോകുമ്പോള്‍ 1969 ആഗസ്റ്റ് 25-ന് കൊടുങ്കാറ്റില്‍ അകപ്പെടുകയായിരുന്നു.

അപകടത്തില്‍ അകപ്പെട്ടുവെന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയതിന് പിന്നാലെ നൗകയെ തിരയാന്‍ ഇറങ്ങാന്‍ ഓസ്‌ട്രേലിയ അധികം കാലതാമസമെടുത്തിട്ടില്ലായിരുന്നു. എന്നിട്ടും നിരവധി പേരുടെ ജീവന്‍ അപകടത്തില്‍ നഷ്ടമായി. 26 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പല്‍ മുങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഞ്ചുപേരെ രക്ഷപ്പെടുത്താനായെങ്കിലും ആഴങ്ങളില്‍ പൊലിഞ്ഞ ജീവനുകളില്‍ ഒരാളുടെ മൃതദേഹം മാത്രമേ വീണ്ടെടുക്കാനായുള്ളൂ. അപകടമുണ്ടായി 12 മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ലൈഫ് റാഫ്റ്റുകളിലായി കടലില്‍ രണ്ടുപേരെയും മറ്റു മൂന്ന് പേര്‍ ഒരു മരപ്പലകയില്‍ അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി അന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെയാണ് ജീവനോടെ രക്ഷപ്പെടുത്താനായത്.

കപ്പല്‍ മുങ്ങിയതിന് പിന്നാലെ റോയല്‍ ഓസ്ട്രേലിയന്‍ നേവി ഡിസ്‌ട്രോയറുകള്‍, മൈന്‍ സ്വീപ്പറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മറ്റ് നിരവധി കപ്പലുകള്‍ എന്നിവ വന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ജീവനോടെ ആരെങ്കിലും രക്ഷപ്പെട്ടോ എന്നറിയാനായി അപകടത്തില്‍പ്പെട്ടവര്‍ നീന്തിയോ മറ്റോ എത്തിച്ചേരാന്‍ സാധ്യതയുള്ള കരകളിലും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങളോളം തിരഞ്ഞിട്ടും അഞ്ച് പേരെ ജീവനോടെയും ഒരാളുടെ മൃതദേഹവും മാത്രമാണ് വീണ്ടെടുക്കാന്‍ ആയത്. അന്ന് മുതല്‍ കപ്പലിനോടൊപ്പം ബാക്കി ജീവനുകള്‍ക്ക് എന്തുപറ്റിയെന്ന കാര്യം ദുരൂഹമായി തുടരുന്നതിനിടയിലാണ് സിഡ്‌നിയില്‍ നിന്ന് ഏകദേശം 460km (286 മൈല്‍) വടക്ക് മാറി കപ്പല്‍ കടലിന് അടിത്തട്ടില്‍ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്

കപ്പല്‍ കണ്ടെത്തിയ വഴി

വര്‍ഷങ്ങള്‍ക്ക് മുമ്പ് കപ്പല്‍ മുങ്ങിയെന്ന് പറയുന്ന സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലുള്ളവരില്‍ ആരൊക്കെയോ തെക്ക് പടിഞ്ഞാറന്‍ പാറയിടുക്കുകളോട് ചേര്‍ന്ന് കടലില്‍ ആഴത്തില്‍ തന്നെ കപ്പല്‍ അവശിഷ്ടം കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ തുടരവെയാണ് ഉയര്‍ന്ന റെസല്യൂഷന്‍ സീഫ്ളോര്‍ മാപ്പിംഗും വീഡിയോ ഫൂട്ടേജും ഉപയോഗിച്ച് ഓസ്ട്രേലിയയുടെ സയന്‍സ് ഏജന്‍സി ഇപ്പോള്‍ കപ്പല്‍ അവശിഷ്ടത്തിന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരു കപ്പലിന്റെ അവശിഷ്ടം ഈ ഭാഗങ്ങളില്‍ ഉള്ളതായി സ്ഥിരീകരണം ഉണ്ടായിരുന്നു. ഇത് 1969-ല്‍ തകര്‍ന്ന ‘നൂംഗ’ ആയിരിക്കാം എന്ന സംശയം അന്ന് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കപ്പലിനെ തിരിച്ചറിയാന്‍ ആവശ്യമായ സാങ്കേതികവിദ്യയോ ഡൈവിംഗ് പരിജ്ഞാനമോ ലഭ്യമായിരുന്നില്ല. കഴിഞ്ഞ മാസം കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) ഉടമസ്ഥതയിലുള്ള ഒരു ഹൈടെക് കപ്പല്‍ കൂടുതല്‍ അന്വേഷണത്തിനായി അയച്ചതോടെയാണ് പുതിയ വിവരങ്ങള്‍ ലഭ്യമായത്. ഭൂരിഭാഗവും കേടുപാടുകള്‍ കൂടാതെ, ഉപരിതലത്തില്‍ നിന്ന് 170 മീറ്റര്‍ താഴെ മാത്രം സമുദ്രത്തിന്റെ അടിത്തട്ടില്‍ നിവര്‍ന്നുകിടക്കുന്ന കപ്പല്‍ അവശിഷ്ടങ്ങളാണ് പര്യവേഷകര്‍ കണ്ടെത്തിയത്. യാനത്തിന്റെ ഒരു വിധപ്പെട്ട അളവുകളെല്ലാം നൂംഗയുമായി പൊരുത്തപ്പെടുന്നതായി സിഎസ്‌ഐആര്‍ഒ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടലില്‍ അപകടത്തില്‍പ്പെട്ട് മുങ്ങുന്ന കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സിഡ്നി പ്രൊജക്റ്റ് നൂംഗ മുങ്ങിയതിന്റെ കാരണവും കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ കൂടുതല്‍ വിവരങ്ങളും ഫോട്ടോഗ്രാഫുകളും മറ്റും ശേഖരിക്കാന്‍ ഒരു ഡൈവ് (സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കടലില്‍ മുങ്ങിയുള്ള പരിശോധന) ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് കൂടി കഴിഞ്ഞാല്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. കപ്പല്‍ ക്യാപ്റ്റന്‍ ലിയോ ബോട്‌സ്മാന്റെ വിധവ പമേല ഹെന്‍ഡി അടക്കമുള്ളവര്‍ക്ക് ഇന്നും വിങ്ങുന്ന ഓര്‍മ്മകള്‍ ആണ് ‘നൂംഗ’ കപ്പല്‍ഛേദം. ഇപ്പോഴുണ്ടായിരിക്കുന്ന കണ്ടെത്തല്‍ ഏറെ ആശ്വാസകരമാണെന്ന് രക്ഷപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനോട് പ്രതികരിച്ചു.