Kerala

മദ്യനയം മാറ്റാൻ ബാറുടമകൾ ആർക്കും കോഴ നൽകിയിട്ടില്ല,പണം പിരിച്ചത് കെട്ടിടം വാങ്ങാൻ; ക്രൈംബ്രാഞ്ച് റിപ്പോർട്ട്

Spread the love

തിരുവനന്തപുരം: മദ്യനയം മാറ്റാൻ ബാറുടമകള്‍ ആർക്കും കോഴ നൽകിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പണം പിരിച്ചത് തലസ്ഥാനത്ത് അസോസിയേഷന്‍റെ പുതിയ കെട്ടിടം വാങ്ങാനാണെന്ന ബാറുടമകളുടെ വിശദീകരണം ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിൻറെ റിപ്പോർട്ട്.മദ്യനയം മാറ്റാൻ കോഴ പിരിക്കണമെന്ന ബാറുടമ അനിമോൻെറ ശബ്ദരേഖ തെറ്റിദ്ധാരണമൂലമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

അനിമോന്‍റെ ഓഡിയോ വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയെങ്കിലും രണ്ടാം ബാർക്കോഴ വിവാദത്തിൽ കോഴയില്ലെന്ന കണ്ടെത്തി അന്വേഷണ റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സർക്കാറിനും ബാറുടമകൾക്കും ആശ്വാസകരമായ കണ്ടെത്തലാണ് അന്വേഷണസംഘത്തിന്‍റേത്.കൊച്ചിയിൽ നടന്ന ബാറുടമകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഇടുക്കി ജില്ലാ പ്രസി‍ഡൻറ് അനി മോൻ നയം മാറ്റാനായി പണം പിരിക്കണമെന്നാവശ്യപ്പെട്ട് ബാറുമടകളുടെ ഗ്രൂപ്പിൽ ശബ്ദരേഖയിട്ടത്.

ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബാർ കോഴയിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പരാതി നൽകിയത്. തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം വാങ്ങാനാണ് പണ പിരിവ് എന്നായിരുന്നു അസോസിയേഷൻ നേതൃത്വത്തിൻെറ വിശദീകരണം. പിന്നാലെ അനിമോനും മലക്കം മറിഞ്ഞു. ഇതേ കണ്ടെത്തലാണ് ക്രൈം ബ്രാഞ്ചും നടത്തിയിരിക്കുന്നത്. ശബ്ദ സന്ദേശമയച്ച അനി മോൻ ശബ്ദം തൻെറതല്ലെന്ന് നിഷേധിച്ചില്ല.

കെട്ടിട നിർമ്മാണത്തിന് പണം പിരിക്കുന്നതിൽ ഇടുക്കി ജില്ല വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നപ്പോള്‍ ഉണ്ടായ ദേഷ്യത്തിലിട്ടതാണെന്നാണ് അനിമോൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. മദ്യ ലഹരിയിലായിരുന്നുവെന്നും പറഞ്ഞു. ശബ്ദരേഖ പുറത്തുപോയതിന് പിന്നാലെ ഗ്രൂപ്പിൽ നിന്നും അനിമോൻ ശബ്ദരേഖ ഡിലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പും ഇല്ലാതാക്കി. അതിനാൽ ചോർച്ച എവിടെ നിന്നുമെന്ന് കണ്ടെത്തണമെങ്കിൽ ഗ്രൂപ്പിലുള്ള എല്ലാവരുടെയും ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ബാറുമടകള്‍ക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും അതാണ് ശബ്ദ രേഖ ചോർച്ചക്കു കാരണമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. മദ്യ നയമാറ്റത്തിന് പണ പരിവ് നടത്തിയതായി അസോസിയേഷൻിൽ അംഗങ്ങളായ ബാറുടമകള്‍ മൊഴി നൽകിയതുമില്ല. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയിൽ അസ്വാഭാവിമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനറെ മകൻ അർജുൻ രാധകൃഷ ഉപയോഗിക്കുന്ന മൈബൈൽ നമ്പർ ബാറുടമകളുടെ ഗ്രൂപ്പിൽ കണ്ടെത്തിയിരുന്നു. അർജുനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പരിശോധനയിൽ ആ നമ്പർ ഉപയോഗിക്കുന്നത് അർജുൻറെ ഭാര്യാമാതാവാണെന്ന് കണ്ടെത്തി. ഭാര്യാപിതാവിൻറെ പേരിലുണ്ടായിരുന്ന ബാർ ലൈസൻസ് പിതാവിൻറെ മരണശേഷം അമ്മക്ക് കൈമാറുകയായിരുന്നു ഈ മാസം 31ന് മുമ്പ് അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും.