National

നിപാ വൈറസ് ബാധ: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ഇല്ല; അനുമതി തേടിയത് ഹൈബി ഈഡന്‍ എംപി

Spread the love

കേരളത്തില്‍ വീണ്ടും നിപാ വൈറസ് ബാധ സജീവമായ സാഹചര്യത്തില്‍ പാര്‍ലമെന്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി ഇല്ല. ഹൈബി ഈഡന്‍ എംപി ആണ് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നിപാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച്, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തയ്യാറാകണം എന്നായിരുന്നു ആവശ്യം.

കേന്ദ്ര ആരോഗ്യ മന്ത്രാലയം കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

അതേസമയം കേരളത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായകമാകും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.