യുപിയിൽ അമ്മയുടെ മുന്നിൽ നിന്നും ദളിത് പെൺകുട്ടിയെ വലിച്ചിഴച്ച് കൂട്ട ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ
ഗോണ്ട: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് യുപിയിലെ ഗോണ്ട ജില്ലയിൽ നാടിനെ നടുക്കിയ കൊടും ക്രൂരത നടന്നത്. രാത്രി അമ്മയ്ക്കൊപ്പം വീടിന് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ 16 കാരിയെ രണ്ട് യുവാക്കൾ ചേർന്ന് വയലിലേക്ക് വഴിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ അലറിവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് ശനിയാഴ്ച രാത്രിയോടെയാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ ശൌചാലയം ഇല്ലാത്തതിനാൽ അമ്മയ്ക്കൊപ്പം വീടിന് പുറത്തിറങ്ങിയപ്പോഴാണ് യുവാക്കൾ ആക്രമിച്ചതെന്ന് ഗോണ്ട എഎസ്പി മനോജ് കുമാർ റാവത്ത് പറഞ്ഞു. അമ്മയെ തള്ളമാറ്റി പെൺകുട്ടിയെ യുവാക്കൾ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നീട് ഇരുവരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു.
പതിനാറുകാരിയുടെ അമ്മയുടെ കരച്ചിൽ കേട്ട് വീട്ടുകാരും അയൽവാസികളും എത്തിയപ്പോഴേക്കും പ്രതികൾ പെൺകുട്ടിയെ വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ ഗ്രാമത്തിലെ ഇതര സമുദായക്കാരായ രണ്ട് യുവക്കളാണ് പ്രതികൾ. പ്രതികളിലൊരാളായ ഷദാബ് (28) ഇന്നലെ രാത്രിയാണ് പൊലീസിന്‍റെ പിടിലായത്. ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയെന്നും ക്രമസമാധാന പാലത്തിനായി ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും എഎസ്പി വ്യക്തമാക്കി.