World

നാടകീയ രം​ഗങ്ങൾ പുറത്ത്, തനിക്ക് വധശിക്ഷ നൽകണമെന്ന് കൊലക്കേസ് പ്രതി ജഡ്ജിയോട്

Spread the love

കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന പ്രതി ജഡ്ജിയോട് തനിക്ക് വധശിക്ഷ നൽകണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്ത്. ഫ്ലോറിഡയിൽ നിന്നുള്ള സ്റ്റീവൻ ലോറെൻസോ എന്ന 65 -കാരനാണ് ജേസൺ ഗേൽഹൗസ്, മൈക്കൽ വാച്ചോൾട്ട്സ് എന്നീ രണ്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയതിന് ജയിലിൽ കഴിയുന്നത്. വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ ജഡ്ജിയോട് തനിക്ക് വധശിക്ഷ നൽകണം എന്ന് അപേക്ഷിച്ചതത്രെ.

ജഡ്ജിയായ ക്രിസ്റ്റഫർ സബെല്ലയുടെ മുന്നിലായിരുന്നു ലോറെൻസോയുടെ വിചിത്രമായ അപേക്ഷ. 2023 ഫെബ്രുവരിയിൽ ഹിൽസ്‌ബറോ കൗണ്ടി കോടതിയിൽ നടന്ന ഈ വിചാരണയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ശിക്ഷാവിധി വായിക്കുന്നതിന് മുമ്പ് കോടതിമുറിയിൽ ഉണ്ടായിരുന്ന ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ലോറെൻസോ തന്റെ കൈ ഉയർത്തുകയായിരുന്നു. പിന്നീട്, അവിടെയുണ്ടായിരുന്ന എല്ലാവരോടും ഇയാൾ നന്ദി പറഞ്ഞു. ശേഷമാണ് പ്രോസിക്യൂട്ടർമാരോട് തനിക്ക് ഒരു വിരോധവുമില്ലെന്നും തനിക്ക് വധശിക്ഷ നൽകണമെന്നും ജഡ്ജിയോട് അഭ്യർത്ഥിച്ചത്.

അതിനുള്ള കാരണവും ഇയാൾ വിശദീകരിക്കുന്നുണ്ട്. തന്റെയീ പ്രായത്തിൽ തനിക്ക് സുഖമായിരിക്കാൻ ആഗ്രഹമുണ്ട്. അതിനാൽ തനിക്ക് വധശിക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഏകദേശം 10 മുതൽ 15 വർഷം വരെ വധശിക്ഷ നീളും എന്ന് എനിക്കറിയാം. എങ്കിലും, എത്ര വേഗത്തിൽ വധശിക്ഷ നടപ്പിലാക്കുന്നോ അത്രയും വേഗത്തിൽ തനിക്ക് ഈ ശരീരം ഉപേക്ഷിക്കാനാവുകയും പുതിയൊരു ശരീരത്തിൽ തിരികെ വരാനാവുകയും ചെയ്യുമെന്ന് കരുതുന്നു. അങ്ങനെയാണ് ഞാനതിനെ കാണുന്നത്, അതിനാൽ വധശിക്ഷ നൽകണം എന്നാണ് ലോറെൻസോ പറഞ്ഞത്.

എന്നാൽ, ഇയാൾ പറഞ്ഞത് തന്റെ ശിക്ഷാവിധിയെ ഒരുതരത്തിലും ബാധിക്കില്ല എന്ന് ജഡ്ജി അപ്പോൾ തന്നെ വ്യക്തമാക്കി. പിന്നീടാണ് വിധി പ്രസ്താവിച്ചത്. എന്തായാലും, ലോറെൻസോയ്ക്ക് വിധിച്ചത് വധശിക്ഷ തന്നെയാണ്.