Sunday, December 29, 2024
Latest:
National

കാലാവധി തീരും മുമ്പേ രാജിവെച്ച് യുപിഎസ്‌സി അധ്യക്ഷൻ, കാരണം വ്യാജ രേഖ ചമച്ച് ഐഎഎസ് നേടിയ പൂജ ഖേദ്‌കർ വിവാദമോ?

Spread the love

യുപിഎസ്‌സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മനോജ് സോണി രാജിവെച്ചു. കാലാവധി തീരാൻ അഞ്ച് വർഷം ബാക്കിയിരിക്കെയാണ് രാജി. 2029 വരെ അദ്ദേഹത്തിന് പദവിയിലിരിക്കാൻ സാധിക്കുമായിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. 2017 ൽ യുപിഎസ്‌സി അംഗമായ അദ്ദേഹം 2023 മെയ് 16 നാണ് അധ്യക്ഷ പദവിയിലെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് അദ്ദേഹം രാജി സമർപ്പിച്ചതെന്നാണ് വിവരം. സംഭവം പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. രാജ്യത്ത് സമീപകാലത്ത് ഉയർന്നുവന്ന പൂജ ഖേദ്‌കർ, നീറ്റ്, അടക്കമുള്ള വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് രാജിയുടെ യഥാർത്ഥ കാരണം വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെന്ന് വിലയിരുത്തപ്പെടുന്ന ഇദ്ദേഹം, 2005 ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് പ്രസംഗങ്ങൾ തയ്യാറാക്കി നൽകിയിരുന്ന ആളായാണ് പറയപ്പെടുന്നത്. ഇതേ കാലത്താണ് ഗുജറാത്തിലെ എംഎസ് സർവകലാശാലയുടെ വിസിയായി അദ്ദേഹം നിയമിക്കപ്പെട്ടത്. 40ാം വയസിലായിരുന്നു നിയമനം. 2005 ൽ ഈ നിയമനം നടത്തിയത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സർവകലാശാലകളിലെ വിസിമാരിൽ ഏറ്റവും പ്രായം കുറഞ്ഞ വിസിയെന്ന റെക്കോർഡ് തന്നെ അദ്ദേഹത്തിൻ്റെ പേരിലാണ്.

യുപിഎസ്‌സി അംഗമായി 2017 ൽ നിയമിക്കപ്പെടുന്നത് വരെ ഗുജറാത്തിലെ രണ്ട് സർവകലാശാലകളിലായി അദ്ദേഹം മൂന്ന് വട്ടം വിസിയായിരുന്നു.ഡോ. ബാബാ സാഹേബ് അംബേദ്കർ സർവകലാശാലയായിരുന്നു മറ്റൊന്ന്. അതിനിടെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കർക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ഇദ്ദേഹത്തിൻ്റെ രാജിക്ക് ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്. എന്നാൽ 2017 ൽ അദ്ദേഹത്തെ യുപിഎസ്‌സി അംഗമാക്കിയത് മുതൽ അതിനെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. അന്ന് രാഹുൽ ഗാന്ധി കേന്ദ്രസർക്കാർ തീരുമാനത്തെ നിശിതമായി വിമർശിച്ചിരുന്നു. യുപിഎസ്‌സിയെ യൂണിയൻ പ്രചാരക് സംഘ് കമ്മീഷൻ എന്ന് പരിഹസിച്ച് കൊണ്ടാണ് ഇതിനെതിരെ രാഹുൽ ഗാന്ധി അന്ന് രംഗത്ത് വന്നത്.

ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വാമിനാരായൺ സംഘത്തിൻ്റെ ഉപസംഘടനായ അനൂപം മിഷൻ്റെ ഭാഗമായി പ്രവർത്തിക്കാനാണ് അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ രാജിയെന്നാണ് വിവരം. ഏറെക്കാലം മുൻപേ ഈ സംഘത്തിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഷാജാനന്ദ് സ്വാമിയുടെ ആദർശങ്ങളിൽ ഊന്നി നിന്ന് പ്രവർത്തിക്കുന്നതാണ് ബോചസന്യാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ എന്ന സ്വാമിനാരായൺ സംഘം. രാജ്യമെമ്പാടും ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ഈ സംഘമാണ് ഡൽഹിയിലും ഗുജറാത്തിലും പ്രശസ്തമായ അക്ഷർധാം ക്ഷേത്രങ്ങൾ നിർമ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സംഘത്തിൻ്റെ കടുത്ത അനുയായികളിൽ ഒരാളാണ്. ഇതിലൂടെയാണ് മോദിയും മനോജ് സോണിയും തമ്മിൽ അടുത്ത സൗഹൃദം സ്ഥാപിക്കപ്പെട്ടതെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു.