National

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാര്‍: വിമാനത്താവളങ്ങളിലെ പ്രതിസന്ധി തുടരുന്നു; നിരവധി വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ

Spread the love

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുണ്ടായ പ്രതിസന്ധി ഒഴിയുന്നില്ല. ഇന്നും പല വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഉടനെ പ്രശ്‌നപരിഹാരമുണ്ടാവുമെന്നാണ് വ്യോമയാന മന്ത്രാലയം അറിയിക്കുന്നത്

ഇന്നലെ മാത്രം ഇരുന്നൂറോളം വിമാന സര്‍വീസുകളാണ് രാജ്യത്തുടനീളം മുടങ്ങിയത്. ഇതില്‍ നൂറ്റി തൊണ്ണൂണ് സര്‍വീസുകള്‍ ഇന്‍ഡിഗോയുടേത് മാത്രം. ഇന്ന് പ്രതിസന്ധിക്ക് നേരിയ അയവ് വന്നിട്ടുണ്ട്. ഇന്നലെ ഇന്‍ഡിഗോയുടെ 9 വിമാനങ്ങളാണ് മുംബൈയില്‍ റദ്ദാക്കിയതെങ്കില്‍ ഇന്ന് രണ്ട് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയിലേക്കും വാരാണസിയിലേക്കുമുള്ള സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകളുടെ സമയം വ്യാപകമായി മാറ്റേണ്ടി വന്നിട്ടുണ്ട്.

വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ ഇന്ന് ഇതുവരെ 5 സര്‍വീസുകള്‍ മുടങ്ങി. ദില്ലി വിമാനത്താവളത്തില്‍ ഇന്നും നീണ്ട ക്യൂ ആയിരുന്നു. സെല്‍ഫ് ബാഗേജ് ഡ്രോപ്, ഡിജിയാത്രാ സംവിധാനങ്ങള്‍ പണിമുടക്കി. വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് എഴുതി നല്‍കേണ്ടി വന്നു. വിമാനം റദ്ദാക്കുന്ന പക്ഷം മാറ്റി ബുക്ക് ചെയ്യാനോ റീഫണ്ടിന് അപേക്ഷിക്കാനോ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. അതേസമയം പ്രതിസന്ധി ഒരു തരത്തിലും ബാധിച്ചില്ലെന്നും ഒരു വിമാനം പോലും റദ്ദാക്കിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.