Kerala

ആമയിഴഞ്ചാൻ തോട്ടിലെ അപകടം: ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവേയോട് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണുമരിച്ച ശുചീകരണത്തൊഴിലാളി എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ടണൽ റെയിൽവേയുടെ പരിധിയിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. മാലിന്യനീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിലാണ് ആവശ്യമുന്നയിച്ചത്. മേലധികാരികളുമായി ഇക്കാര്യം കൂടിയാലോചിച്ച ശേഷം മറുപടി നൽകാമെന്ന് ഡിആർഎം മനീഷ് യോ​ഗത്തിൽ മറുപടി പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് വിശ്വാസം. ആമയിഴഞ്ചാൻ കനാലിലെ മാലിന്യം നീക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോ​ഗത്തിൽ തീരുമാനമായി. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കർശന നടപടിയുണ്ടാകും.

പൊലീസിന്റെയും നഗരസഭയുടെയും നിരീക്ഷണം ശക്തമാക്കും. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹന രജിസ്‌ട്രേഷൻ റദ്ദാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന 40 എ ഐ ക്യാമറകൾ സ്ഥാപിക്കും.

ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാ​ഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.