ആമയിഴഞ്ചാന് ശാപമോക്ഷം കിട്ടുമോ? മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത യോം ഇന്ന്
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗം ഇന്ന് നടക്കും. രാവിലെ 11:30 ന് ഓൺലൈൻ ആയാണ് യോഗം ചേരുക. മാലിന്യ കയത്തില്‍ വീണ് ശുചീകരണ തൊഴിലാളി ജോയിയുടെ ജീവൻ നഷ്ടമായതോടെയാണ് സർക്കാർ അടിയന്തരമായി യോഗം വിളിച്ചത്. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം – റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം എൽ എമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന റെയിൽവേ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം,
അതേസമയം ജോയിയുടെ കുടുംബത്തിന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. തിരുവനന്തപുരം കോര്‍പറേഷൻ ജോയിയുടെ മാതാവിന് വീടുവച്ചു നല്‍കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രനും വ്യക്തമാക്കി.
അതിനിടെ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഡിവിഷണൽ റെയിൽവേ മാനേജർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കേസെടുത്തത്. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റെയിൽവെയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.