പാക് സൈന്യം സഹായത്തോടെ 50 ഭീകരർ ജമ്മുവിലെത്തിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; രണ്ടിടത്ത് ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കശ്മീരിലെ ഡോഡയിലെ രണ്ടിടങ്ങളിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ നടക്കുകയാണ്. മേഖലയിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നുണ്ട്. ഡോഡയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രണ്ടിടങ്ങളിൽ കൂടെ ഏറ്റുമുട്ടലുണ്ടായത്. ബട്ട മേഖലയിലെ രണ്ട് ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് സൂചന.
കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിച്ചു. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ബിജേന്ദ്ര, അജയ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരവാദം നേരിടാൻ ശക്തമായ നടപടി വേണമെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ് റിട്ടയേര്‍ഡ് കേണൽ ഭുവനേഷ് ഥാപ്പ പ്രതികരിച്ചു. ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹ വ്യക്തമാക്കി.
എന്നാൽ കശ്മീരിൽ തുടര്‍ച്ചയായി സൈനികര്‍ വീരമൃത്യു വരിക്കുന്നതിൽ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസും പിഡിപിയും രംഗത്ത് വന്നു. കപട അവകാശവാദം കശ്മീരിൽ പൊളിഞ്ഞെന്ന് കോൺഗ്രസ് പ്രതികരിച്ചു. ജമ്മുകശ്മീരിലെ സാഹചര്യം ഗുരുതരമാകുന്നത് പാർലമെൻറിലും ഇന്ത്യ സഖ്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം