Kerala

കുറഞ്ഞത് 500 കോടിയെങ്കിലും വേണം, സപ്ലൈകോക്ക് ആവശ്യത്തിന് തുക അനുവദിച്ചില്ല; അതൃപ്തി പരസ്യമാക്കി മന്ത്രി

Spread the love

സപ്ലൈക്കോയ്ക്ക് മതിയായ തുക അനുവദിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തിൽ 500 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇപ്പോൾ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടൻ ധനമന്ത്രിയെ കാണുമെന്നും ജി ആർ അനിൽ ദില്ലിയിൽ പറഞ്ഞു

ഓണ വിപണയിൽ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതു വിതരണ മേഖലയെ സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്രത്തിനു മുൻപിൽ അവതരിപ്പിച്ചു. അനുകൂല സമീപനമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടായത്. സപ്ലൈയ്ക്കോ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് ഓപ്പൺ മാർക്കറ്റ് സെയിൽ ലേലത്തിൽ പങ്കെടുക്കാം. കേന്ദ്രം ഏർപ്പെടുത്തിയ നിരോധനം മാറ്റമെന്ന് സമ്മതിച്ചു.

കഴിഞ്ഞ ആറു മാസത്തിനിടയിൽ ശരാശരി 82ശതമാനത്തിലധികം ആളുകൾ റേഷൻ കടകളിൽ നിന്നും സാധനം വാങ്ങി. റേഷൻ കടകളിൽ പോയാൽ അരി കിട്ടില്ല എന്ന വാദം തെറ്റാണ്. ഒരാൾക്ക് പോലും അരി കിട്ടാതെ തിരിച്ചു പോകേണ്ടി വരാറില്ല. ലോറി തൊഴിലാളികൾ സമരം ചെയ്തപ്പോൾ വാർത്ത വന്നത് അരി മുടങ്ങി എന്നാണ്. എന്നാൽ, ആ മാസം 1.5ശതമാനത്തോളം കൂടുതൽ വിതരണം നടന്നു.റേഷൻ വിതരണത്തിലെ പ്രതിമാസ സീലിംഗ് പാദ വാർഷികമാക്കാമെന്നു കേന്ദ്രം സമ്മതിച്ചു. ഈ ഓണത്തിന് അത് പ്രയോജനപ്പെടുത്താനാകും.

സപ്ലൈക്കോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക പരിമിതമാണ്. ധനകാര്യ മന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. കുറഞ്ഞത് 500 കോടിയെങ്കിലും വേണം.
സപ്ലൈക്കോ വില്പന ഇപ്പോൾ വർധിക്കുന്നുണ്ട്. വിതരണക്കാർ പല പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. സപ്ലൈക്കോയ്ക്ക് സാധനം നൽകിയാൽ വില കിട്ടില്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ട്.ഓണ മാർക്കറ്റിൽ സപ്ലൈക്കോ ഫല പ്രദമായി ഇടപെടും. നെല്‍കര്‍ഷകര്‍ക്കുള്ള കുടിശ്ശിക തുക നൽകി വരികയാണ്. കഴിഞ്ഞ വർഷത്തെ ഒന്നാം വിള നെല്ലിന്‍റെ പണം മുഴുവനായി കൊടുത്തു ആർക്കും ബാക്കിയില്ലെന്നും മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.