46 മണിക്കൂറുകള്‍ ലിഫ്റ്റുവാതിലുകളില്‍ തട്ടിയും തള്ളിയും ശപിച്ചും കരഞ്ഞും അതിജീവനം, മുതല്‍ക്കൂട്ടായത് പഴയ നിരാഹാരസമര അനുഭവങ്ങള്‍;രവീന്ദ്രന്‍ നായര്‍ പറയുന്നു
രണ്ടുദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ കിടന്നത് മരണം മുന്നില്‍ കണ്ടെന്ന് രവീന്ദ്രന്‍ നായര്‍. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ മരണക്കുറിപ്പ് എഴുതി. രാവും പകലും അറിയാതെ കഴിച്ചുകൂട്ടിയ നിമിഷങ്ങള്‍ രവീന്ദ്രന്‍ നായര്‍ പറഞ്ഞു. ഓരോ മണിക്കൂറും എനിക്ക് അനുഭവപ്പെട്ടത് ഓരോ ദിവസമായാണ്. കരഞ്ഞും ശപിച്ചുമാണ് മണിക്കൂറുകള്‍ തള്ളിനീക്കിയത്. കര്‍ക്കിടകം അടുക്കുകയാണല്ലോ. മരണപ്പെട്ട പൂര്‍വികരുടെ മുഖം ഓരോന്നായി മുന്നില്‍ തെളിഞ്ഞെന്നും മരിക്കുകയാണെന്ന് ഉറപ്പിച്ചെന്നും 48 മണിക്കൂറുകള്‍ നീണ്ട അതിജീവനത്തിനൊടുവില്‍ രവീന്ദ്രന്‍ നായര്‍ വെളിപ്പെടുത്തി.
റേഞ്ച് ഇല്ലാത്തതിനാല്‍ ആരേയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് രവീന്ദ്രന്‍ നായര്‍ പറയുന്നത്. അലാറം അടിച്ചെങ്കിലും ആരും വന്നില്ല. ആരെങ്കിലും ഉടനേ വരുമെന്ന പ്രതീക്ഷയിലാണ് ഇരുന്നത്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരാഹാര സമരം നടത്തിയിട്ടുണ്ട്. ആ ഒരു സഹനശക്തി മുതല്‍ക്കൂട്ടാക്കി കാത്തിരുന്നു. ബാഗില്‍ നിന്ന് പേപ്പറെടുത്ത് നടന്ന സംഭവങ്ങള്‍ കുറിച്ചുവച്ചു. ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. വാതിലുകളില്‍ തട്ടിയും തള്ളിയും പുറത്തിറങ്ങാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തിന്റെ പേരില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് ആരോഗ്യമേഖലയെ ആകെ തള്ളിപ്പറയുന്നില്ലെന്നാണ് രവീന്ദ്രന്‍ നായരുടെ നിലപാട്. ആരെയും കുറ്റപ്പെടുത്തുന്നില്ല. ഇനി ആര്‍ക്കും ഇത് സംഭവിക്കരുത്. മെഡിക്കല്‍ കോളജിനെക്കുറിച്ച് ഒരു മോശം ചിത്രമുണ്ടാകരുത്. ലിഫ്റ്റ് പ്രവര്‍ത്തനത്തിന് കണ്‍ട്രോള്‍ റൂം വേണമെന്ന് രവീന്ദ്രന്‍ നായര്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ആവശ്യപ്പെട്ടു.