National

മഹാനായ കവിയുടെ വീട്ടിലാണല്ലോ മോഷ്ടിക്കാൻ കയറിയതെന്ന് കുറ്റബോധം; സാധനങ്ങൾ തിരിച്ചുവച്ച് മാപ്പ് എഴുതിവച്ച് കള്ളൻ മടങ്ങി

Spread the love

പ്രശസ്ത എഴുത്തുകാരൻ്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ തിരിച്ചെത്തിച്ച് കള്ളൻ. മറാഠി എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന അന്തരിച്ച നാരായൺ സർവേയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളാണ് കള്ളൻ മടക്കി നൽകിയത്. റായ്‌ഗഡ് ജില്ലയിലെ നേരൽ എന്ന സ്ഥലത്തുള്ള വീട്ടിൽ മോഷണം നടന്ന വിവരം വാർത്തയായതിന് പിന്നാലെയാണ് കള്ളൻ്റെ നീക്കം.

വീട്ടിലെ എൽഇഡി ടിവിയടക്കം സാധനങ്ങളാണ് മോഷ്ടിക്ക്പെട്ടത്. 2010 ഓഗസ്റ്റ് 16 ന് തൻ്റെ 84ാം വയസിൽ അന്തരിച്ച നാരായൺ സർവേ മറാഠി കവിയായിരുന്നു. സാമൂഹ്യപ്രവർത്തകനായിരുന്ന ഇദ്ദേഹം മുംബൈയിലാണ് ജനിച്ചത്. അനാഥനായി തെരുവിലായിരുന്നു പിറവി. ബാല്യത്തിൽ പല തരം ജോലി ചെയ്ത് ഉപജീവനം കണ്ടെത്തി. യുവാവയപ്പോൾ പോർട്ടറായും മില്ലുകളിലും പണിയെടുത്തു. അക്ഷരാഭ്യാസം നേടിയ അദ്ദേഹം നിരന്തരം വായിച്ച് അറിവുണ്ടാക്കി. നഗരങ്ങളിൽ ജീവിക്കുന്ന തൊഴിലാളി വർഗത്തിൻ്റെ ദുരിതയാതനകളെ എഴുത്തിലൂടെ പ്രതിഫലിപ്പിച്ച അദ്ദേഹം സഹജീവികൾക്കൊപ്പം പോരാട്ട രംഗത്തും നിറസാന്നിധ്യമായിരുന്നു.

ഇദ്ദേഹത്തിൻ്റെ റായ്‌ഗഡിലെ വീട്ടിൽ ഇപ്പോൾ മകൾ സുജാതയും ഭർത്താവ് ഗണേഷുമാണ് താമസിക്കുന്നത്. മകൻ്റെ വീട്ടിലേക്ക് ഇരുവരും താമസിക്കാനായി പോയ സമയത്താണ് കള്ളൻ കയറിയത്. പത്ത് ദിവസത്തോളം വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ആദ്യത്തെ ദിവസം ടിവി അടക്കം സാധനങ്ങളുമായി പോയ കള്ളൻ തൊട്ടടുത്ത ദിവസം കൂടുതൽ സാധനങ്ങളെടുക്കാൻ ഇതേ വീട്ടിലെത്തി. അപ്പോഴാണ് ചുവരിൽ നാരായൺ സർവേയുടെ ചിത്രം കള്ളൻ കണ്ടത്. നല്ല വായനക്കാരനായ കള്ളൻ കുറ്റബോധം തോന്നി കൊണ്ടുപോയ സാധനങ്ങളെല്ലാം വീട്ടിൽ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. ശേഷം മഹാനായ എഴുത്തുകാരൻ്റെ വീട്ടിൽിന്ന് മോഷ്ടിച്ചതിന് മാപ്പാക്കണമെന്ന് ഒരു കുറിപ്പ് എഴുതി ചുവരിൽ ഒട്ടിച്ച ശേഷമാണ് കള്ളൻ മടങ്ങിയത്.

ഞായറാഴ്ച സുജാതയും ഭർത്താവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വിരലടയാളങ്ങൾ ശേഖരിച്ചു.