National

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം; നാം തമിഴര്‍ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Spread the love

തമിഴ്‌നാട് മധുരയില്‍ നാം തമിഴര്‍ കക്ഷി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. സേലൂര്‍ സ്വദേശിയും മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയുമായ ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിയ്ക്കിടെ തലക്കുളം പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു കൊലപാതകം.

രാവിലെ ഏഴുമണിയോടെയാണ് കൊലപാതകം നടന്നത്. വല്ലഭായി റോഡിലെ തലക്കുളത്തിന് സമീപത്ത് വച്ച്, ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം ബാലസുബ്രഹ്മണ്യത്തെ ആക്രമിയ്ക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടി. കഴുത്തിനും തലയ്ക്കും വെട്ടേറ്റ ബാലസുബ്രഹ്മണ്യത്തെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മന്ത്രി പഴനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്താണ് കൊലപാതകം നടന്നത്.

നാലു പേരാണ് സംഘത്തിലുള്ളതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മധുര കമ്മിഷണര്‍ ലോകനാഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ച രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു.
ബാലസുബ്രഹ്മണ്യത്തിനെതിരെ 2012ല്‍ ഒരു കൊലപാതക കേസുണ്ട്.ഇയാള്‍ക്ക് ചില കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും പൊലിസ് പറഞ്ഞു. ഇതെല്ലാം അന്വേഷണ പരിധിയിലുണ്ടെന്ന് പൊലിസ് അറിയിച്ചു. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങിന്റെ കൊലപാതക വിവാദം കെട്ടടങ്ങും മുന്നേയാണ് തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയ നേതാവ് കൂടി കൊല്ലപ്പെടുന്നത്.