World

‘സത്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല, മരിച്ചുവെന്നാണ് കരുതിയത്’; വെടിവയ്പ്പിന്റെ ഭീതിദമായ അനുഭവം വിവരിച്ച് ട്രംപ്

Spread the love

വെടിവയ്പ്പിന് ശേഷം തനിക്കുണ്ടായ ഭീതിദമായ അനുഭവം ആദ്യമായി മാധ്യമങ്ങളോട് വിവരിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഇന്ന് ജീവനോടെയിരിക്കേണ്ടതല്ലായിരുന്നെന്നും മരിക്കേണ്ടതായിരുന്നെന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് കണ്ടവരെല്ലാം പറയുന്നതെന്നും ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്ക് പോസ്റ്റിന് അനുവദിച്ച പ്രതികരണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. യഥാര്‍ത്ഥമെന്ന് വിശ്വസിക്കാന്‍ പോലുമാകാത്ത ഒരു അനുഭവത്തിലൂടെയാണ് താന്‍ അന്നേ ദിവസം കടന്നുപോയതെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ വെടിയേറ്റ അനുഭവം ആദ്യമായി മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു അദ്ദേഹം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ജെ ഡി വാന്‍സ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. നിലവില്‍ ഒഹായോ സംസ്ഥാനത്തെ സെനറ്റര്‍ ആണ് ജെ ഡി വാന്‍സ്. ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരി വാന്‍സ് ആണ് ജെ ഡി വാന്‍സിന്റെ പത്‌നി.

അതിനിടെ ട്രംപിന് നേരെ നടന്ന വധശ്രമത്തിന്റെ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ വ്യക്തമാക്കി. പ്രതിക്ക് മാനസികാരോഗ്യ പ്രശ്‌നമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ പറഞ്ഞു. അമേരിക്കന്‍ വിപണിയില്‍ ലഭ്യമായ എ ആര്‍ സ്‌റ്റൈല്‍ 5.56 മില്ലി മീറ്റര്‍ റൈഫിലാണ് പ്രതി ഉപയോഗിച്ചത്. അക്രമി തോമസ് ക്രൂക്ക്‌സ് പീറ്റ്ബര്‍ഗിലെ ഷൂട്ടിങ് ക്ലബ് അംഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്.