Kerala

സിപിഐ സംസ്ഥാന സമിതി അംഗം പാറമടകളില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണം; സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതി

Spread the love

സിപിഐ സംസ്ഥാന സമിതി അംഗം പാറമടകളില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങി എന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് കത്ത്. സിപിഐ പത്തനംതിട്ട ജില്ല അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പിആര്‍ ഗോപിനാഥന് എതിരെയാണ് ലോക്കല്‍ കമ്മിറ്റി അംഗം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ക്വാറികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയശേഷം പാര്‍ട്ടിക്ക് ഒരു രൂപ പോലും നല്‍കിയില്ല എന്നാണ് പരാതി.

ഇടതു പാര്‍ട്ടികളെ ഒന്നാകെ കോഴ വിവാദം സംസ്ഥാനത്ത് ആഞ്ഞു കുലുക്കുകയാണ്. സിപിഎം കോഴ വിവാദത്തില്‍ നടപടിയെടുത്തുവെങ്കിലും സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരായി ഉയര്‍ന്ന പരാതിയില്‍ സിപിഐയില്‍ എന്ത് നടപടി ഉണ്ടാകുമെന്ന് ചോദ്യമാണ് ഉയരുന്നത്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ മാത്രം 15 ലക്ഷം രൂപ ക്വാറി ഉടമകളില്‍ നിന്ന് സംസ്ഥാന സമിതി അംഗം ഗോപിനാഥ് പിരിച്ചെടുത്തു എന്നാണ് പരാതി.പണം പിരിച്ചതല്ലാതെ ഒരു രൂപ പോലും പാര്‍ട്ടിക്ക് നല്‍കിയില്ല എന്ന് ചിറ്റാര്‍ ലോക്കല്‍ കമ്മിറ്റി അംഗം ആനന്ദന്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മന്ത്രിമാരുടെ പേര് പറഞ്ഞു പാറമട ഉടമകളില്‍ നിന്ന് പത്തനംതിട്ട അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ ഗോപിനാഥ് പണം പിരിച്ചു എന്ന പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി പ്രാഥമിക അന്വേഷണം നടത്തുന്നതിനിടെയാണ് മുന്‍പ് പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പുറത്തുവരുന്നത്.

സിവില്‍ സപ്ലൈസില്‍ ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിന് കോഴ വാങ്ങിയെന്ന് ആരോപണം പാര്‍ട്ടിയില്‍ സജീവമായി നില്‍ക്കവെയാണ് വീണ്ടും നേതാക്കള്‍ കോഴപ്പണത്തിന്റെ പരിധിയില്‍ വരുന്നത്. നിരവധി തവണ പരാതിക്ക് ഇടയാക്കിയിട്ടും സംസ്ഥാന സമിതി അംഗത്തിനെതിരെ മാത്രം എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല എന്ന ചോദ്യവും കത്തില്‍ ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പോഷക സംഘടന നേതാവിന്റെ കയ്യില്‍ നിന്ന് സ്ഥലംമാറ്റത്തിന് പണം ചോദിച്ചുവന്ന ആരോപണത്തിലും ജില്ലയില്‍ ഒന്നിലധികം നേതാക്കള്‍ അന്വേഷണപരിധിയിലാണ്.അതേസമയം കോഴ വിവാദത്തില്‍ ആദ്യം പരാതി നല്‍കിയ ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ മണ്ഡലം കമ്മിറ്റി യോഗം വിളിച്ചുകൂട്ടാനും സിപിഐയില്‍ നീക്കം നടക്കുന്നുണ്ട്. അഴിമതിയെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തും അഴിമതി പണം വാങ്ങിയവര്‍ പാര്‍ട്ടിക്കുള്ളിലും എന്നതാണോ ഇടത് ശൈലി എന്ന ചോദ്യവും പാര്‍ട്ടിക്കുള്ളില്‍ സജീവമാവുകയാണ്.